ന്യൂഡല്‍ഹി: തിരുവനന്തപുരം -ചെങ്ങന്നൂര്‍ സബര്‍ബന്‍ സര്‍വ്വീസിന് ബജറ്റില്‍ അനുമതി. സംസ്ഥാനത്തിന്റെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുമെന്നു മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ചു.
പദ്ധതിക്കായി സ്‌പെഷല്‍ പര്‍പസ് വെഹിക്കിള്‍ രൂപീകരിക്കാനും ചെലവിന്റെ പകുതി സര്‍ക്കാര്‍ വഹിക്കാമെന്നു അറിയിച്ചതിനെ തുടര്‍ന്നാണു പദ്ധതി ബജറ്റില്‍ ഇടം നേടിയത്. ചെന്നൈ, മുംബൈ നഗരങ്ങളിലെ പോലെ സബര്‍ബന്‍ സര്‍വീസിനായി പ്രത്യേകമായി പുതിയ പാത കേരളത്തില്‍ പ്രായോഗികമല്ലാത്തതിനാല്‍ നിലവിലുള്ള ഇരട്ടപ്പാതയില്‍ ഓട്ടോമാറ്റിക് സിഗ്‌നലിങ് സംവിധാനം ഏര്‍പ്പെടുത്തി മെമു ട്രെയിനുകള്‍ ഓടിക്കാനാണു ആലോചിക്കുന്നത്.
എന്നാല്‍ നിലവിലുള്ള ട്രെയിനുകളുടെ തിരക്കു കണക്കിലെടുത്താല്‍ സര്‍വീസുകള്‍ക്കിടയില്‍ മിനിട്ടുകള്‍ ഇടവിട്ടു സബര്‍ബന്‍ ട്രെയിനോടിക്കാന്‍ കഴിയില്ലെങ്കിലും 20 മിനിറ്റിന്റെ ഇടവേളകളിലായിരിക്കും സര്‍വീസ്. പടികളില്ലാത്ത മെമു ട്രെയിനുകള്‍ക്കായി പല സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോം ഉയര്‍ത്തേണ്ടി വരുമെന്നതാണു വെല്ലുവിളി.
എന്നാല്‍ ഇപ്പോള്‍ കേരളത്തിലോടുന്ന മെമു ട്രെയിനുകള്‍ കൊണ്ടു തന്നെ സബര്‍ബന്‍ സര്‍വീസ് ആരംഭിക്കാന്‍ കഴിയുമോയെന്നും ആലോചനയുണ്ട്. മെട്രോ നഗരങ്ങളിലെ പോലെ അഞ്ച്,10 മിനിട്ടുകള്‍ ഇടവേളയില്‍ ട്രെയിന്‍ ഓടിക്കണമെങ്കില്‍ ഇപ്പോഴുള്ള ദീര്‍ഘദൂര ട്രെയിനുകളുടെ ചെറിയ സ്റ്റേഷനുകളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കേണ്ടി വരും.