railway catering service; women 33 % reservation

റെയില്‍വെ കാറ്ററിംഗ് യൂണിറ്റ് സര്‍വീസില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സബ് ക്വാട്ട അനുവദിച്ചു. ട്രെയിന്‍ അറ്റ് എ ഗ്ലാന്‍സി(സ്റ്റേഷനുകള്‍ക്കിടയിലുള്ള ട്രെയ്‌നുകള്‍, സ്റ്റേഷന്‍ കോഡ്, ട്രെയ്‌നിന്റെ പേര്, റൂട്ട് മാപ്പ് തുടങ്ങിയ വിവരങ്ങള്‍)ന്റെ പുതിയ ടൈം ടേബിളും റെയില്‍വെ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ചു.

33 ശതമാനം സബ് ക്വാട്ട നീക്കിവയ്ക്കുന്നതു പ്രകാരം എ1, എ, ബി, സി കാറ്റഗറികളില്‍പ്പെട്ട റെയില്‍വെ സ്റ്റേഷനുകളിലെ എട്ടു ശതമാനം സ്റ്റാളുകളുടെയും ഡി, ഇ, എഫ് സ്റ്റേഷനുകളിലെ 17 ശതമാനം സ്റ്റാളുകളുടെയും നടത്തിപ്പ് ചുമതല സ്ത്രീകള്‍ക്ക് ലഭിക്കും.

കാറ്ററിംഗ് യൂണിറ്റില്‍ അധിക ക്വാട്ട അനുവദിക്കുന്നതിലൂടെ വനിതാ ശാക്തീകരണവും റെയില്‍വെയില്‍ സ്ത്രീകളുടെ പങ്കാളിത്തവും വര്‍ധിപ്പിക്കലുമാണ് ലക്ഷ്യമിടുന്നതെന്ന് സുരേഷ് പ്രഭു പറഞ്ഞു.

ഇത്തരത്തിലുള്ള പദ്ധതികള്‍ റെയില്‍വെ തുടരും. ഇതു കൂടാതെ ഒരു സ്റ്റേഷനില്‍ നിന്ന് മറ്റൊരു സ്റ്റേഷനിലേക്കുള്ള ചരക്ക് ഗതാഗത നിരക്കില്‍ ഇളവു വരുത്തും.

സ്റ്റേഷനുകളിലെ വ്യാപാര ലൈസന്‍സുകളില്‍ പ്രദേശത്തെ സ്ഥിര താമസക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്ന തരത്തില്‍ നയം ആവിഷ്‌കരിക്കും.

സ്റ്റേഷനുകളില്‍ അവസാന ചാര്‍ട്ടിംഗിനു ശേഷം ഒഴിഞ്ഞ ബെര്‍ത്തുകള്‍ അനുവദിക്കുന്നതിന് പുതിയ സമ്പ്രദായം ആവിഷ്‌കരിക്കും. പുതുക്കിയ ടൈംടേബിള്‍ പ്രകാരം നിലവിലുള്ള 350 ട്രെയിനുകളുടെ യാത്രാ സമയം അറിയാന്‍ കഴിയും. ഇതില്‍ 75 എണ്ണം സൂപ്പര്‍ ഫാസ്റ്റ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് പ്രഭു വ്യക്തമാക്കി.

36 പുതിയ സര്‍വീസുകളും 10 അപ്പ് ആന്‍ഡ് ഡൗണ്‍ ഹംസഫര്‍ ട്രെയിനുകള്‍, ഏഴ് അന്ത്യോദയ ട്രെയിനുകള്‍, മൂന്ന് തേജസ് ട്രെയിനുകള്‍, മൂന്ന് ഉദയ് ട്രെയിനുകള്‍ എന്നിവയും ഉടന്‍ ആരംഭിക്കാന്‍ പോകുന്ന സര്‍വീസുകളെയും ടൈംടേബിളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top