മുംബൈ: റെയില്‍വെ സ്റ്റേഷനുകളിലെ മൂത്രപുരകളില്‍ ഈടാക്കുന്ന ഒരു രൂപ ഫീസ് നിര്‍ത്തലാക്കാന്‍ ഒടുവില്‍ റെയില്‍വെയുടെ തീരുമാനം. പാസ്സഞ്ചര്‍ അസോസിയേഷന്റെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് റെയില്‍വെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ തയാറായത്.
റെയില്‍ വെ സ്റ്റേഷനുകളിലെ കാത്തിരിപ്പു കേന്ദ്രത്തിലെ മൂത്രപുരകളില്‍ ഈടാക്കുന്ന ഫീസിനെതിരെയാണ് പാസഞ്ചര്‍ അസോസിയേഷന്‍ രംഗത്തെത്തിയത്. റെയില്‍വെ സ്റ്റേഷനിലെ മൂത്രപുരകള്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തിലാണ് നല്‍കിയിരിക്കുന്നത്. മൂത്രപുരകളില്‍ ഈടാക്കിയിരുന്ന ഫീസ് ഒരിക്കലും റെയില്‍വെ അധികൃതരല്ല മറിച്ച് കോണ്‍ട്രാക്ട് എടുത്തിരിക്കുന്ന വ്യക്തികളാണ് ഈടാക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. കോണ്‍ട്രാക്ട് അവസാനിച്ചു കഴിഞ്ഞാലുടന്‍ ഫീസ് വാങ്ങുന്നത് നിര്‍ത്തലാക്കുമെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു.
യാത്രക്കാരുടെ ബുദ്ധിമുട്ട് പാര്‍ലമെന്റില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരമാനമെടുക്കാന്‍ റെയില്‍വെ അധികൃതര്‍ തയാറായത്. ശിവസേന എംപി അരവിന്ദ് സാവന്താണ് ഇക്കാര്യം പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. അതൊടൊപ്പം, വനിത കമ്പാര്‍ട്ടുമെന്റുകളില്‍ ടോയ്‌ലറ്റ് സംവിധാനം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വനിതകള്‍ക്കായി സ്‌പെഷ്യല്‍ ലോക്കല്‍ ട്രെയിനുകള്‍ ആവശ്യമാണെന്ന് നിയമസഭാംഗം കപീല്‍ പാട്ടീല്‍ സൂചിപ്പിച്ചു. രാവിലെയും, വൈകീട്ടും ട്രെയിനുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പലര്‍ക്കും കൃത്യസമയത്ത് ജോലി സ്ഥലത്തെത്താനോ, ട്രെയിനുകളില്‍ കയറി പറ്റാന്‍ പോലും സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.