റെയില്‍വേ ജോലി അഴിമതി; മുകുള്‍ റോയിയുടെ ബന്ധു അറസ്റ്റില്‍

mukul roy

കൊല്‍ക്കത്ത: റെയില്‍വേ ജോലി അഴിമതി കേസില്‍ ബിജെപി നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ മുകുള്‍ റോയിയുടെ അടുത്ത ബന്ധുവിനെ പശ്ചിമബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. റെയില്‍വേ വിദ്യാര്‍ഥികളെ വഞ്ചിച്ചുവെന്ന കേസില്‍ ശ്രിജന്‍ റോയിയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായത്. ബിസ്പൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ആറ് വര്‍ഷം മുമ്പുള്ള പരാതിയിലാണ് അറസ്റ്റ്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 12 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

പരീക്ഷയ്ക്കു മുമ്പ് തന്നെ റെയില്‍വേയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ശ്രിജന്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വഞ്ചന, വ്യാജരേഖ ചമയ്ക്കുക, വഞ്ചിക്കുന്നതിനായി വ്യാജരേഖ ഉപയോഗിക്കുക, തുടങ്ങിയ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

എന്നാല്‍ തന്നെയും തന്റെ കുടുംബത്തെയും മനപൂര്‍വ്വം അപമാനിക്കാന്‍ മമത ബാനര്‍ജി കെട്ടിച്ചമച്ച കേസാണിതെന്ന് മുകുള്‍ റോയി ആരോപിച്ചു. മമത ബിജെപിയെ ഭയക്കുന്നുവെന്നതിനുള്ള തെളിവാണിതെന്നും അവരുടെ യഥാര്‍ത്ഥ ലക്ഷ്യം താനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top