മാധ്യമപ്രവര്‍ത്തകനെതിരെ റെയില്‍വേ പൊലീസിന്റെ ക്രൂര മര്‍ദ്ദനം

ഉത്തര്‍പ്രദേശ്: മാധ്യമപ്രവര്‍ത്തകനെതിരെ റെയില്‍വേ പൊലീസിന്റെ ക്രൂര മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ ഷാംലി നഗരത്തില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ അമിത് ശര്‍മ്മ എന്ന റിപ്പോര്‍ട്ടറിനെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്.

ജിപിആര്‍ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകന്റെ വസ്ത്രം വലിച്ചു കീറുകയും ക്യാമറ തട്ടി താഴെയിടുകയും ചെയ്തു. ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സിവില്‍ ഡ്രസ്സില്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് റിപ്പോര്‍ട്ടറെ മര്‍ദ്ദിക്കുകയും മോശം വാക്കുകള്‍ ഉപയോഗിച്ച് അവഹേളിക്കുകയും ചെയ്തത്. തുടര്‍ന്ന് അമിത് ശര്‍മ്മയെ ജിആര്‍പി പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ജിആര്‍പി ഇന്‍സ്‌പെക്ടര്‍ രാകേഷ് കുമാറിനെയും കോണ്‍സ്റ്റബിള്‍ സഞ്ജയ് പവാറിനെയും മൊറാദാബാദ് പൊലീസ് സൂപ്രണ്ട് സുഭാഷ് ചന്ദ്ര ദുബെ സസ്‌പെന്‍ഡ് ചെയ്തു. മൊറാബാദ് ജിആര്‍പി എസ്പിയ്ക്ക് കേസ് കൈമാറിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Top