റിക്രൂട്ട്‌മെന്റുകള്‍ ഇടനിലക്കാരെ ഏല്‍പ്പിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ റയില്‍വേ

ന്യൂല്‍ഹി: റിക്രൂട്ട്‌മെന്റുകള്‍ ഇടനിലക്കാരെ ഏല്‍പ്പിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി. പല സ്ഥാപനങ്ങളും കോച്ചിംഗ് സെന്ററുകളും ഉദ്യോഗാര്‍ത്ഥികളെ ജോലി വാങ്ങിത്തരാം എന്ന് പറഞ്ഞ് പറ്റിക്കുന്നതായി റയില്‍വേയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.

വകുപ്പിലെ എല്ലാ റിക്രൂട്ട്‌മെന്റുകളും നടത്തുന്നത് നേരിട്ടാണെന്ന് വ്യക്തമാക്കിയ റെയില്‍വേ നുണ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പ്രഖ്യാപിച്ചു.

കമ്പ്യൂട്ടര്‍ സംവിധാനത്തിലാണ് എഴുത്തു പരീക്ഷ നടത്താറുള്ളതെന്നും സിസിടിവി അടക്കമുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും അടക്കം സജ്ജീകരിച്ചു കൊണ്ടാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും റെയില്‍ വേ പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറയുന്നു.

അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ടെക്‌നീഷ്യന്‍മാര്‍ തുടങ്ങി 64,000 തസ്തികകളിലേയ്ക്ക് ഇപ്പോള്‍ റെയില്‍ വേ റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. പൂര്‍ണ്ണമായും റെയില്‍ വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡാണ് പരീക്ഷകള്‍ നടത്തുന്നത്. 8619 കോണ്‍സ്റ്റബിള്‍ തസ്തികകളിലേയ്ക്കും 1120 എസ് ഐ തസ്തികകളിലേയ്ക്കും ആര്‍പിഎഫ് റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്.

ജോലി വാഗ്ദാനം ചെയ്ത് 93 ലക്ഷം രൂപ സ്വകാര്യ വ്യക്തികള്‍ വാങ്ങിയതായി മഹാരാഷ്ട്രയില്‍ പരാതി ഉയര്‍ന്നിരുന്നു. ഇതില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.,

Top