ട്രെയിന്‍ പാഞ്ഞു കയറി ആളുകള്‍ മരിച്ച സംഭവം; വിശദീകരണവുമായി ലോക്കോ പൈലറ്റ്

train

ന്യൂഡല്‍ഹി: ദസറ ആഘോങ്ങള്‍ക്കിടെ ട്രെയിന്‍ പാഞ്ഞു കയറി ആളുകള്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ലോക്കോ പൈലറ്റ്.

എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചിട്ടും ആളുകള്‍ക്കു മേല്‍ ട്രെയിന്‍ പാഞ്ഞുകയറിയെന്നാണ് ലോക്കോ പൈലറ്റ് വ്യക്തമാക്കിയിരിക്കുന്നത്.
ട്രാക്കില്‍ ജനങ്ങള്‍ കൂടി നില്‍ക്കുന്നതു കണ്ട് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചിരുന്നുവെന്നും എന്നാല്‍ ട്രെയിന്‍ പാളത്തിലുണ്ടായിരുന്ന ആളുകള്‍ക്കു മുകളിലൂടെ കയറിയിറങ്ങുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ട്രെയിന്‍ നിന്നതോടെ അക്രമാസക്തരായ ജനക്കൂട്ടം കല്ലേറ് ആരംഭിച്ചെന്നും ഇതോടെ തന്റെ യാത്രക്കാരുടെ സുരക്ഷയെ കരുതി ട്രെയിന്‍ മുന്നോട്ടെടുത്തെന്നും ലോക്കോ പൈലറ്റ് അരവന്ദ് കുമാര്‍ പറഞ്ഞു. ദസറ ആഘോഷങ്ങള്‍ക്കിടെ ട്രെയിനിടിച്ച് 61 പേരോളം മരിച്ചിരുന്നു. സംഭവം ഡ്രൈവറുടെ അനാസ്ഥ മൂലമല്ലെന്നു കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹയും വ്യക്തമാക്കിയിരുന്നു.

ദസറ ആഘോഷം നടക്കുന്നതായി റെയില്‍വേ അധികാരികള്‍ക്കു വിവരം ലഭിച്ചിരുന്നില്ലെന്നും അതിനാല്‍, ഡ്രൈവര്‍ക്കെതിരേ നടപടി എടുക്കില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.

Top