സുരേഷ് പ്രഭു നടപ്പാക്കിയ പരിഷ്‌കാരങ്ങളും നയങ്ങളും പൊളിച്ചെഴുതാനൊരുങ്ങി പീയുഷ് ഗോയല്‍

ന്യൂഡല്‍ഹി: മുന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു നടപ്പാക്കിയ പരിഷ്‌കാരങ്ങളും നയങ്ങളും പൊളിച്ചെഴുതാനൊരുങ്ങി കേന്ദ്ര റെയില്‍വേ മന്ത്രാലയം.

രാജധാനി, തുരന്തോ, ശതാബ്ദി, സുവിധ എന്നീ ട്രെയിനുകളില്‍ ഏര്‍പ്പെടുത്തിയ തിരക്കനുസരിച്ചു നിരക്കു കൂടുന്ന (ഫ്‌ലെക്‌സി ഫെയര്‍) സമ്പ്രദായം ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ മാറ്റാനൊരുങ്ങുകയാണ് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍.

ട്രെയിനുകളുടെ കൃത്യനിഷ്ഠ മെച്ചപ്പെടുത്തി നവംബറില്‍ ടൈം ടേബിള്‍ പരിഷ്‌കരിക്കും. എഴുനൂറോളം ട്രെയിനുകളുടെ വേഗം കൂട്ടും. 48 മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളെ സൂപ്പര്‍ ഫാസ്റ്റ് വിഭാഗത്തിലാക്കും.

വനിതകളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സുരക്ഷ ലക്ഷ്യമിട്ടു റയില്‍വേ സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. റയില്‍വേ സുരക്ഷാ സേനാംഗങ്ങള്‍ക്കും ടിക്കറ്റ് എക്‌സാമിനര്‍മാര്‍ക്കും ഡ്യൂട്ടി സമയത്തു യൂണിഫോം നിര്‍ബന്ധമാക്കും.

അഞ്ചു വര്‍ഷത്തിനകം റയില്‍വേ ലൈനുകള്‍ പൂര്‍ണമായും വൈദ്യുതീകരിക്കും. ഇതുവഴി 10,000 കോടി രൂപ ലാഭം; മലിനീകരണം കുറയ്ക്കാനുമാകും. ട്രെയിനുകളിലും സ്റ്റേഷനുകളിലും 100% എല്‍ഇഡി ലൈറ്റുകളും ഫാനുകളും ഏര്‍പ്പെടുത്തും.

Top