സില്‍വര്‍ ലൈന്‍ പദ്ധതി സാമ്പത്തികമായി പ്രായോഗികമാണോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് റെയില്‍വേ

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതി സാമ്പത്തികമായി പ്രായോഗികമാണോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് റെയില്‍വേ മന്ത്രാലയം. 63,941 കോടി രൂപയുടെ പദ്ധതിയുടെ കടബാധ്യത യാത്രക്കാരെ കൊണ്ട് മാത്രം തീര്‍ക്കാനാവില്ല. സില്‍വര്‍ ലൈന്‍ റെയില്‍വേ പാത വികസനത്തിന് തടസ്സമാകുമെന്ന ആശങ്കയും റെയില്‍വെ മന്ത്രി അശ്വിനി വൈഷ്‌ണോവ് പാര്‍ലമെന്റില്‍ അബ്ദുള്‍ വഹാബ് എംപിക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡീറ്റൈല്‍ പ്രൊജക്ട് റിപ്പോര്‍ട്ടില്‍ സാങ്കേതിക സാധ്യത വിവരങ്ങളൊന്നും തന്നെയില്ലെന്ന് റെയില്‍വേ മന്ത്രി എംപിക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. വിശദമായ സാങ്കേതിക രേഖകള്‍ സമര്‍പ്പിക്കാന്‍ കേരള റെയില്‍ ഡെപല്പ്പ്‌മെന്റ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു.

പദ്ധതിക്ക് 2019 ഡിസംബറില്‍ തത്വത്തില്‍ അനുമതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന ഡി പി ആര്‍ തയ്യാറാക്കുന്നതിനായാണ് തത്വത്തില്‍ അനുമതി നല്‍കിയതെന്നും റെയില്‍വേ മന്ത്രി വിശദീകരിച്ചു.

Top