ഇന്ത്യന്‍ റെയില്‍വേ നഷ്ടത്തിലേയ്ക്ക്‌; ഉദ്ഘാടനങ്ങള്‍ക്കു മുടക്കുന്നത് കോടികള്‍

indian-railway

ന്യൂഡല്‍ഹി: വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനായി ഇന്ത്യന്‍ റെയില്‍വേ ചെലവാക്കിയത് 13.46 കോടി രൂപയെന്ന് വിവരാവകാശ രേഖ. 2014 നവംബര്‍ മുതല്‍ 2017 സെപ്തംബര്‍ വരെയുള്ള കണക്കനുസരിച്ചാണിത്.

166 ഉദ്ഘാടന പരിപാടികളാണ് ഇക്കാലയളവില്‍ റെയില്‍വേ നടത്തിയിട്ടുള്ളത്. പുതിയ ട്രെയിനുകള്‍, എസ്‌ക്കലേറ്റര്‍, മേല്‍പ്പാലങ്ങള്‍, ഹാളുകള്‍, വിഐപി ടോയ്‌ലറ്റുകള്‍, വിവിധ സ്‌റ്റേഷനുകള്‍ തുടങ്ങിയ നിരവധി പദ്ധതികളാണ് 13 കോടി രൂപയോളം ചെലവിട്ട് ഉദ്ഘാടനം നടത്തിയത്. സുരേഷ് പ്രഭു റെയില്‍വേ മന്ത്രി ആയിരിക്കുന്ന കാലയളവിലാണ് ഇത്രയധികം തുക ഉദ്ഘാടനങ്ങള്‍ക്ക് വേണ്ടി മാത്രം ചെലവഴിച്ചത്.

സാങ്കേതിക ചെലവാണ് ഇതില്‍ ഏറ്റവുമധികം ഉള്ളത്. ഉദ്ഘാടന സ്ഥലത്തു നിന്നും അടുത്തുള്ള സ്റ്റേഷനിലേയ്ക്ക് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷനുകളാണ് നടത്തിയിരുന്നത്. സ്‌റ്റേജ്, കര്‍ട്ടനുകള്‍, പൂക്കള്‍, ശബ്ദ സംവിധാനങ്ങള്‍, എല്‍ഇഡി സ്‌ക്രീന്‍ തുടങ്ങിയവയാണ് പ്രധാനമായും ചെലവ് വരുന്ന ഉദ്ഘാടന സംവിധാനങ്ങള്‍. റെയില്‍വേ ഭരണസമിതിയുടെ മറുപടിയിലാണ് ഇക്കാര്യമുള്ളത്.

സോണല്‍ റെയില്‍വേ ഉപഭോക്തൃ കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റി അംഗമായ കൈലേഷ് വെര്‍മ്മ ഇത്തരം ചെലവുകള്‍ അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. നികുതി അടയ്ക്കുന്ന ജനങ്ങളോടുള്ള നീതികേടാണിതെന്നും അദ്ദേഹം പറഞ്ഞു.

നാല് വര്‍ഷം റെയില്‍വേ വികസനത്തിനായി വലിയ അളവ് പണമാണ് സര്‍ക്കാര്‍ ചെലവഴിച്ചതെന്ന് അധികൃതര്‍ വാദിക്കുന്നു. അതുവച്ച് നോക്കുമ്പോള്‍ ഉദ്ഘാടനത്തിന് അത്രയധികം പണം ഉപയോഗിക്കുന്നില്ലെന്നാണ് ഇവരുടെ വാദം.

റെയില്‍വേയില്‍ പിപിപി മോഡല്‍ വികസനം കൊണ്ടു വരുമെന്നും അതുവഴി അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുമെന്നായിരുന്നു 2015 ബജറ്റ് മുതലുള്ള സര്‍ക്കാര്‍ പ്രഖ്യാപനം.

എന്നാല്‍, ഇന്ത്യന്‍ റെയില്‍വേ നഷ്ടക്കച്ചവടത്തിലേക്കാണ് പോകുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. റെയില്‍വേ 111.51 രൂപ ചെലവിടുമ്പോള്‍ തിരിച്ചുകിട്ടുന്നത് 100 രൂപ. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ റെയില്‍വേയുടെ പ്രവര്‍ത്തന നഷ്ടം 11.51 ശതമാനമാണ്.

2008-09 സാമ്പത്തികവര്‍ഷം റെയില്‍വേയുടെ പ്രവര്‍ത്തന അനുപാതം 100 രൂപ വരുമാനത്തിന് 90.46 രൂപ ചെലവ് എന്ന നിലയിലായിരുന്നു. വര്‍ഷംതോറും ഇത് ഉയര്‍ന്നുകൊണ്ടിരുന്നെങ്കിലും മൂന്ന് വര്‍ഷമായി ചെലവാണ് മുന്നിട്ടു നില്‍ക്കുന്നത്. വരവ് ഉയര്‍ത്തുന്നതിനായി റെയില്‍േവ ചെയ്യുന്നത് സ്ഥലങ്ങള്‍ കൈമാറിയും കല്‍ക്കരി ഉള്‍പ്പടെയുള്ളവ നല്‍കാമെന്ന കരാറുണ്ടാക്കിയും കിട്ടുന്ന തുക പ്രവര്‍ത്തന നിധിയിലേക്ക് വകയിരുത്തുകയാണ്.

Top