കല്ലേറിനെതിരെ ബോധവല്‍ക്കരണം നടത്താന്‍ റെയില്‍വേ

ദില്ലി: ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്ന നിരവധി വാര്‍ത്തകള്‍ രാജ്യവ്യാപകമായി റിപ്പോര്‍ട് ചെയ്യാറുണ്ട്. ഇത്തരം സംഭവങ്ങള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബോധവല്‍ക്കരണ പദ്ധതി വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വേ. ‘ഓപറേഷന്‍ സാഥി’യുടെ കീഴിലാണ് ബോധവത്കരണം വിപുലീകരിക്കുന്നത്. റെയില്‍വേ ട്രാക്കുകള്‍ക്കു സമീപം താമസിക്കുന്നവര്‍ക്കും മറ്റും സുരക്ഷയുമായി ബന്ധപ്പെട്ടു നടത്തുന്ന ബോധവല്‍ക്കരണമാണ് ‘ഓപറേഷന്‍ സാഥി’.

ഈ അടുത്തിടെയുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ പുതുതായി ആരംഭിച്ച വന്ദേഭാരത് ട്രെയിനുകള്‍ക്കു നേരെ നിരവധി ആക്രമണങ്ങളാണ് നടക്കുന്നത്. ട്രെയിനുകള്‍ക്കു നേരെയുണ്ടാകുന്ന കല്ലേറു മൂലം റെയില്‍വേയ്ക്കും ഖജനാവിനും വന്‍ നഷ്ടമാണ് ഉണ്ടാകുന്നത്. 2019 മുതല്‍ കഴിഞ്ഞ ജൂണ്‍ വരെ 55.6 ലക്ഷം രൂപയാണ് വന്ദേഭാരതിന്റെ ചില്ലു തകര്‍ന്നതു മൂലമുണ്ടായ നഷ്ടം.

ഇതുവരെ 151 പേരെയാണ് വന്ദേഭാരതിനു കല്ലെറിഞ്ഞതിന് പിടികൂടിയത്. കേരളത്തില്‍ ചോറ്റാനിക്കര, താനൂര്‍, വളപട്ടണം എന്നിവിടങ്ങളില്‍ വന്ദേഭാരതിനു നേരെ കല്ലേറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ റെയില്‍വേയിലെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള നടപടികളെടുക്കുന്നുണ്ട്. കല്ലേറുണ്ടായാലും യാത്രക്കാര്‍ക്കു പരുക്കേല്‍ക്കാത്ത വിധത്തിലുള്ള ഗ്ലാസുകളാണ് ട്രെയിനുകളില്‍ ഉപയോഗിക്കുന്നത്.

ഇപ്പോള്‍ കോച്ചുകളില്‍ സിസിടിവി ക്യാമറകള്‍ വയ്ക്കുന്ന പദ്ധതിയും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 7264 കോച്ചുകളിലും 866 സ്റ്റേഷനുകളിലും റെയില്‍വേയിലെ സിസിടിവി വെച്ചിട്ടുണ്ട്. 2022 ജനുവരി മുതല്‍ മേയ് വരെ പാലക്കാട് ഡിവിഷനില്‍ മാത്രം 10 കല്ലേറുകളും തിരുവനന്തപുരം ഡിവിഷനില്‍ എട്ടും കല്ലേറുകള്‍ റിപ്പോര്‍ട് ചെയ്തിട്ടുണ്ട്. ഇടത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ 139 നമ്പറില്‍ വിളിച്ചു ആളുകള്‍ക്ക് വിവരങ്ങള്‍ കൈമാറാം.

Top