ന്യൂഡല്‍ഹി: ശ്രമിക് ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി ഇന്ത്യന്‍ റെയില്‍വേ. ഒമ്പത് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ മരിച്ചതിന് പിന്നാലെയാണ് റെയില്‍വേയുടെ ഈ നിര്‍ദേശം.
ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസില്‍ താഴെയുള്ള കുട്ടികള്‍, 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ ശ്രമിക് ട്രെയിനുകളിലെ യാത്ര പരമാവധി ഒഴിവാക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഈ വിഭാഗത്തിലുള്ളവര്‍ ശ്രമിക് ട്രെയിനുകളില്‍ യാത്ര ചെയ്യാവൂയെന്നും റെയില്‍വേ അറിയിച്ചു.
രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കുടുങ്ങിയ അന്തര്‍ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായാണ് റെയില്‍വേ ശ്രമിക് ട്രെയിനുകള്‍ തുടങ്ങിയത്. എന്നാല്‍, ഗുരുതര രോഗമുള്ള പലരും ഇത്തരം ട്രെയിനുകളില്‍ യാത്ര ചെയ്യുന്നത് സ്ഥിതി രൂക്ഷമാക്കുന്നുവെന്നാണ് റെയില്‍വേ വിലയിരുത്തല്‍. ശ്രമിക് ട്രെയിന്‍ യാത്രക്കിടെ ചിലര്‍ മരിക്കുന്ന സാഹചര്യവുമുണ്ടായെന്നും റെയില്‍വേ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കുമുള്ള ശ്രമിക് ട്രെയിന്‍ യാത്രക്കിടെ ഒമ്പത് അന്തര്‍ സംസ്ഥാന തൊഴിലാളികളാണ് കഴിഞ്ഞ ദിവസം മരിച്ചത്. അന്തരീക്ഷ താപനില ഉയരുന്നതും പട്ടിണിയും ഡിഹൈഡ്രേഷനും തൊഴിലാളികള്‍ക്ക് വെല്ലുവിളിയാവുന്നുണ്ട്. മരണങ്ങളില്‍ റെയില്‍വേക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് ഈ പുതിയ നിര്‍ദേശം.