ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദ്ദം; ശക്തമായ മഴ തുടരും, 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി കര തൊടുന്നതിന്റെ ജാഗ്രതയിലാണ് ദക്ഷിണേന്ത്യ. തീവ്രന്യൂനമര്‍ദ്ദം ഇന്ന് പുലര്‍ച്ചെ വടക്കന്‍ തമിഴ്‌നാട്, തെക്കന്‍ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഒരാഴ്ചയ്ക്കിടെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമര്‍ദ്ദമാണിത്. തീവ്രന്യൂനമര്‍ദ്ദം കരതൊടുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത ജാഗ്രതയാണ്.

അതേസമയം, തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുകയാണ്. ഇതുവരെ 16 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ തീരത്തിനടുത്തായി നിലകൊള്ളുന്ന തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ മഴ ശക്തമാണ്. വരും മണിക്കൂറുകളില്‍ മഴയുടെ ശക്തി കൂടാനാണ് സാധ്യത. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിച്ചേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

Top