മഴക്കെടുതി; ജപ്തി നടപടികള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി മൂലമുള്ള കൃഷിനാശവും കടലാക്രമണവും കോവിഡ് ലോക്ഡൗണും കണക്കിലെടുത്തു ജപ്തി നടപടികള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.

കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവര്‍ വിവിധ ധനസ്ഥാപനങ്ങളില്‍ നിന്നും ഹൗസിങ് ബോര്‍ഡ്, കോ ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷന്‍, പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ പോലുള്ള സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍, സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്ന് എടുത്ത കാര്‍ഷിക, വിദ്യാഭ്യാസ, ക്ഷീര വികസന, മൃഗസംരക്ഷണ വായ്പകള്‍ക്ക് ഇത് ബാധകമാകും. 1968 ലെ റവന്യു റിക്കവറി നിയമം 71-ാം വകുപ്പ് പ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ നിന്ന് എടുത്ത ഈ വിഭാഗത്തില്‍പെട്ട വായ്പകള്‍ക്ക് ഇതു ബാധകമാണ്.

ദേശസാല്‍കൃത ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, എന്‍ബിഎഫ്‌സി, എംഎഫ്‌ഐ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പകളിലെ ജപ്തി നടപടികള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം ദീര്‍ഘിപ്പിക്കുന്നതിനു റിസര്‍വ് ബാങ്കിനോടും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയോടും ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചു. ഈ മാസം 12 മുതല്‍ ഇന്നലെ വരെ പ്രകൃതി ദുരന്തങ്ങളില്‍ 42 പേര്‍ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 6 പേരെ കാണാതായി. വിവിധ ജില്ലകളില്‍ യെലോ, ഓറഞ്ച് മുന്നറിയിപ്പുകളാണ് ഉള്ളതെങ്കിലും മലയോരങ്ങളിലും ദുരന്തസാധ്യതാ പ്രദേശങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തണം. നിലവില്‍ 304 ദുരിതാശ്വാസ ക്യാംപുകളില്‍ 3851 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.

മഴക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും നാശനഷ്ടം സംഭവിച്ചവര്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു കൂടുതല്‍ ധനസഹായം അനുവദിക്കുന്നതു സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കും. 4 ദിവസം കൂടി മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ ഈ ദിവസങ്ങളിലെ സ്ഥിതി കൂടി വിലയിരുത്തിയ ശേഷം തീരുമാനിക്കാമെന്നാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായ ധാരണ.

Top