മഴ ശക്തം; തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2023 ഒക്ടോബർ ഏഴ്) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി.

തിരുവനന്തപുരം നഗരമേഖലയിലും മലയോര-തീര മേഖലയിലും മഴ ശക്തമാണ്. നെയ്യാറ്റിൻകര, വർക്കല, സിറ്റി എന്നിങ്ങനെ ഒട്ടുമിക്ക എ ഡബ്ല്യു എസ് സ്റ്റേഷനുകളിലും ശക്തമായ മഴ രേഖപ്പെടുത്തി. നഗരത്തിൽ പലയിടത്തും വെള്ളം കയറി. ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമാണ്. നെയ്യാറിലും കരമനയാറിലും ജലനിരപ്പ് ഉയരുന്നതായി കേന്ദ്രജലകമ്മീഷന്റെ മുന്നറിയിപ്പുണ്ട്. മലയോരമേഖലയായ നന്ദിയോട്ട് കനത്ത മഴയിൽ വീട് പൂര്‍ണ്ണമായും തകര്‍ന്നു. ആലുംകുഴി വാര്‍ഡിൽ വിപിൻ രാജിന്റെ വീടാണ് തകര്‍ന്നത്. വീട്ടിൽ ആരും ഉണ്ടാകാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. ജഗതിപാലത്തിന് സമീപം കാൽവഴുതി വെള്ളത്തിലേക്ക് വീണ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. നേമത്ത് റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു. മണ്ണ് നീക്കാനുള്ള ശ്രമം തുടരുകയാണ്.

തുരയിൽ പൊന്നാംചുണ്ട് പാലത്തിൽ നിന്നും സ്കൂട്ടറിൽ പോകവേ ആറ്റിൽ വീണ കൊപ്പം സ്വദേശി സോമനെ മൂന്നാംദിനവും കണ്ടെത്താനായില്ല. പൊലീസും ഫയര്‍ഫോഴ്സും സ്കൂബാ ഡൈവിംഗ് സംഘവും തിരച്ചിൽ തുടരുന്നുണ്ട്. നദിയിൽ നല്ല അടിയൊഴുക്കുള്ളതിനാൽ തെരച്ചിൽ ദുഷ്കരമാണ്. രാത്രി വൈകിയും ജില്ലയിൽ മഴ തുടർന്നേക്കും. മലയോര, തീരമേഖലകളിൽ അതീവ ജാഗ്രത വേണം.

Top