തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. എന്നാല്‍ ജില്ലകളില്‍ പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. കൂടാതെ കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 3.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
അതേസമയം തേജ് ചുഴലിക്കാറ്റ് കരതൊടുന്നത് കണക്കിലെടുത്ത് തയാറായിരിക്കാന്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി ഒമാന്‍ ഭരണകൂടം. തീര മേഖലയിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരും. യെമനോട് ചേര്‍ന്ന അതിര്‍ത്തികളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. നിലവില്‍ തേജ് ചുഴലിക്കാറ്റിന്റെ വേഗം കുറഞ്ഞതിനാല്‍ കരതൊടുന്നത് വൈകും. യെമന്‍ തീരത്തോട് ചേര്‍ന്നാകും കരതൊടുക എന്നാണ് കണക്കാക്കപ്പെടുന്നത്.
ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ മഴ ശക്തമായി. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. സദാ, മിര്‍ബാത്ത്, സലാല തുടങ്ങിയ പ്രദേശങ്ങളില്‍ രാത്രിയോടെ മഴ ശക്തമായിട്ടുണ്ട്. ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ 45 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതിനോടകം തുറന്നത്. തേജ് മൂലമുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടാന്‍ ആരോഗ്യ പ്രവര്‍ത്തകരടങ്ങുന്ന ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.