സംസ്ഥാനത്ത് ദുരന്തം വിതച്ച് കനത്ത മഴ; രാജമലയിലെ മണ്ണടിച്ചലില്‍ മരിച്ചവരുടെ എണ്ണം 17 ആയി

തിരുവനന്തപുരം: ഇടുക്കി രാജമലയില്‍ മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. 78 പേരാണ് ദുരന്തത്തില്‍ അകപ്പെട്ടത്. 15 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. വടക്കന്‍ കേരളത്തിലെ മഴക്കെടുതികളില്‍ രണ്ട് പേര്‍ മരിച്ചു.

വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് വീടുകളും ഒരു റിസോര്‍ട്ടും തകര്‍ന്നു. നെന്മാറ നെല്ലിയാമ്പതി റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളിലായി നാലായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മധ്യകേരളത്തില്‍ കനത്ത മഴയെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.

എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതോടെ പെരിയാറിന്റെ തീരപ്രദേശങ്ങളായ ആലുവ, ഏലൂര്‍, മുപ്പത്തടം, കടുങ്ങല്ലൂര്‍ മേഖലകളിലെ വീടുകളില്‍ വെള്ളം കയറി. ആലുവ ശിവക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളമുയര്‍ന്നു. എറണാകുളം ജില്ലയില്‍ 14 ക്യാമ്പുകളിലായി 213 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കൊച്ചി നഗരത്തില്‍ കലൂര്‍, കടവന്ത്ര മേഖലകളിലെ വീടുകളില്‍ വെള്ളം കയറി.

ചെല്ലാനം, നായരംമ്പലം, വൈപ്പിന്‍ മേഖലകളില്‍ വീടുകളില്‍ വെള്ളം കയറി. പറവൂര്‍, മാഞ്ഞാലി,വടക്കേക്കര പ്രദേശങ്ങളിലും വെള്ളത്തിനടിയിലായി. കോട്ടയം പൂഞ്ഞാര്‍ പെരുങ്ങുളത്ത് ഉരുള്‍പൊട്ടി. മീനച്ചിലാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. മണിമലയാര്‍ കരകവിഞ്ഞു.

പാലാ ഈരാറ്റുപേട്ട റൂട്ടിലും കോട്ടയം എറണാകുളം റൂട്ടിലും ചിലയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. പാലാ നഗരത്തില്‍ കൊട്ടാരമറ്റത്തും ചെത്തിമറ്റത്തുമുള്‍പ്പെടെ വെള്ളം കയറുകയാണ്. കനത്ത മഴയില്‍ കുറുവിലങ്ങാട് പട്ടണവും വെള്ളത്തിലായി. ഇടുക്കി ജില്ലയില്‍ ആനവിലാസം, വണ്ടന്‍മേട്, ശാസ്താനട തുടങ്ങിയ മേഖലകളില്‍ വ്യാപകമായ ഉരുള്‍പൊട്ടി വന്‍ കൃഷി നാശമുണ്ടായി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് രണ്ട് ദിവസം കൊണ്ട് 8 അടി ഉയര്‍ന്ന് 132 അടിക്ക് മുകളിലെത്തി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2353 അടിക്ക് മുകളിലാണ്. തൃശൂര്‍ ചാലക്കുടിയില്‍ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്ന് നീരൊഴുക്ക് കൂടിയതോടെ അതിരപ്പിള്ളി, ചാര്‍പ്പ വെള്ളച്ചാട്ടങ്ങളുടെ ശക്തി കൂടി.

മലപ്പുറത്തും കനത്ത മഴ തുടരുകയാണ്. നിലമ്പൂര്‍ കനോലി തേക്കുതോട്ടത്തിലേക്കുളള തൂക്കുപാലം ഒലിച്ചുപോയി. മൂന്ന് ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു. നിലമ്പൂര്‍ നാടുകാണി പാതയില്‍ രാത്രിയാത്ര നിരോധിച്ചു. ജില്ലയില്‍ 900 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

കോഴിക്കോട് കോടഞ്ചേരി, കൂടരഞ്ഞി, കുറ്റ്യാടി, വിലങ്ങാട് ഭാഗങ്ങളില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും മണ്ണിടിച്ചിലും മലവെളളപ്പാച്ചിലും ദുരിതം വിതച്ചു. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി.

പാലക്കാട് പട്ടാമ്പിക്ക് സമീപം പോക്കുപ്പടിയില്‍ വീടിന്റെ ചുമര്‍ തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. പോക്കുപ്പടി സ്വദേശി മൊയ്തീനാണ് മരിച്ചത്. നെന്മാറ നെല്ലിയാന്പതി റോഡില്‍ രണ്ടിടത്ത് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം മുടങ്ങി. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.

കണ്ണൂര്‍ ഇരിട്ടിയില്‍ യുവാവ് പുഴയില്‍ വീണ് മരിച്ചു. സ്വകാര്യ കേബിള്‍ ടിവി തൊഴിലാളിയാണ് ജോം തോമസാണ് മരിച്ചത്. കേബിള്‍ വലിക്കുന്നതിനിടെ പുഴയിലേക്ക് വീഴുകയായിരുന്നു മുന്ന് മണിക്കൂര്‍ നീണ്ട തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കിട്ടിയത്. കൊട്ടിയൂരില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.

അതേസമയം, സംസ്ഥാനത്ത് മഴ നാളെയും ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കേരള തീരത്ത് കാറ്റിന്റെ വേഗം 60 കി.മി.വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top