ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മഴ ഭീഷണി

സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മഴയില്‍ മുങ്ങാന്‍ സാധ്യത. മത്സരം നടക്കുന്ന സതാംപ്ടണില്‍ അഞ്ച് ദിവസവും റിസര്‍വ് ദിനത്തിലും മഴ മുന്നറിയിപ്പുണ്ട്. ജൂണ്‍ 18 മുതല്‍ 22 വരെയാണ് മത്സരം. 23ന് റിസര്‍വ് ദിനം. ഈ ആറ് ദിവസവും സതാംപ്ടണില്‍ മഴ പെയ്യാനുള്ള സാധ്യതയുണ്ട്. മുന്‍ ഇംഗ്ലണ്ട് താരം മോണ്ടി പനേസറാണ് കാലാവസ്ഥാ പ്രവചനം പങ്കുവച്ചത്.

ജൂണ്‍ 18നും 20നും 90 ശതമാനം മഴ സാധ്യതയുണ്ട്. അടുത്ത മൂന്ന് ദിവസങ്ങളില്‍ 70 ശതമാനം മഴ സാധ്യതയുമുണ്ട്. ജൂണ്‍ 17, 18 തീയതികളില്‍ സതാംപ്ടണില്‍ യല്ലോ അലേര്‍ട്ട് ആണ്. 17ന് മഴ പെയ്താല്‍ ഇരു ടീമുകളുടെയും പരിശീലനത്തെ അത് ബാധിക്കും. 17നു രാത്രി മഴ പെയ്താല്‍ പിച്ചും ഔട്ട്ഫീല്‍ഡും നനയുകയും ഈര്‍പ്പം ഉണ്ടാവുകയും ചെയ്യും.

ഇത് അന്തിമ ഇലവനിലും മാറ്റമുണ്ടാക്കും. മൂടിക്കെട്ടിയ അന്തരീക്ഷമായാല്‍ അത് ന്യൂസീലന്‍ഡിനു ഗുണം ചെയ്യും. പേസ് ആക്രമണം നിറച്ചെത്തുന്ന അവരെ നേരിടാന്‍ ഇന്ത്യ വിയര്‍ക്കുകയും ചെയ്യും. തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ അവസാന രണ്ട് ദിവസം സ്പിന്നര്‍മാര്‍ക്ക് പിച്ചില്‍ നിന്ന് പിന്തുണ ലഭിക്കും.

മത്സരത്തില്‍ ജേതാക്കളാകുന്ന ടീമിനെ കാത്തിരിക്കുന്നത് 12 കോടിയോളം രൂപയാണ്. റണ്ണേഴ് അപ്പിന് 6 കോടിയോളം രൂപയും ലഭിക്കും. ഐസിസിയാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ചത്.

 

Top