തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിന്റെ തെക്ക് കിഴക്ക് ഇന്ന് രൂപംകൊള്ളുന്ന ശക്തമായ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്.സര്‍ക്കാര്‍ എല്ലാ മുന്‍കരുതല്‍ നടപടിയും ആരംഭിച്ചു.
ന്യൂനമര്‍ദം ഞായറാഴ്ചയാകും ഏറ്റവും ശക്തമായി സംസ്ഥാനത്തെ ബാധിക്കുക.ഇതിന്റെ അടിസ്ഥാനത്തില്‍ 7ാം തീയതി ഇടുക്കി, മലപ്പുറം ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഞായറാഴ്ച്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശവുമുണ്ട്.
കേരള തീരത്ത് ശക്തമായ കാറ്റടിക്കുമെന്നതിനാല്‍ കടല്‍ കൂടുതല്‍ പ്രക്ഷുബ്ദമാകും. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് പരക്കെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.മത്സ്യത്തൊഴിലാളികള്‍ ഇന്ന് മുതല്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.