തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 2 ദിവസം ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാല്‍ ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായിരുന്ന തീവ്രന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറി ഇതിന്റെ സ്വാധീനഫലമായാണ് മഴ. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെങ്കിലും കേരള , തമിഴ്‌നാട്, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും തടസ്സമില്ല.
മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്ച വൈകീട്ടോടെ ആന്ധ്രയിലെ നെല്ലൂരിനും മച്ചിലപ്പട്ടിനത്തിനുമിടയില്‍ കരതൊടുമെന്ന കാലാവസ്ഥാ പ്രവചനം. പ്രദേശത്ത് കനത്ത ജാഗ്രത നിര്‍ദേശം. ആ മാസം ആറുവരെ 118 ട്രയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലേയ്ക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയതില്‍ ഭൂരിഭാഗവും.
ചെന്നൈയിലും തമിഴ്‌നാട്ടിലെ 12 തീരദേശ ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍,ചെങ്കല്‍പേട്ട് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ അംഗങ്ങള്‍ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.