മീററ്റ്: രാജ്യത്തെ കോവിഡ് വ്യാപനം കൊടുംപിരി കൊണ്ടിരിക്കുന്ന സമയത്തും ജനങ്ങളിലേക്കിറങ്ങി അവര്‍ക്ക് സഹായമെത്തിച്ചു കൊടുക്കാന്‍ അപ്പോഴും സന്നദ്ധനായ നടനാണ് സോനു സൂദ്. കഴിഞ്ഞ ദിവസം ബാംഗഌരിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം നേരിട്ടപ്പോള്‍ ഉടന്‍ തന്നെ ഓക്‌സിജന്‍ എത്തിച്ചു കൊടുത്ത് 22 പേരുടെ ജീവന്‍ രക്ഷിക്കാന്‍ നടനും അദ്ദേഹത്തിന്റെ ചാരിറ്റി ഫൗണ്ടേഷനും കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു പ്രവൃത്തിയിലൂടെ അദ്ദേഹം വീണ്ടും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
കോവിഡ് ബാധിച്ച തന്റെ ബന്ധുവിനായി ഓക്‌സിജന്‍ സിലിണ്ടര്‍ ആവശ്യപ്പെട്ട മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയ്ക്കും സഹായം എത്തിച്ചിരിക്കുകയാണ് സോനു. മീററ്റിലുള്ള കോവിഡ് ബാധിച്ച തന്റെ 65 വയസുകാരിയായ ബന്ധുവിന് അടിയന്തരമായി ഓക്‌സിജന്‍ സിലിണ്ടര്‍ ആവശ്യമുണ്ടെന്ന് റെയ്‌ന വ്യാഴാഴ്ച ട്വീറ്റ് ചെയ്തിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ടുള്ളതായിരുന്നു താരത്തിന്റെ ട്വീറ്റ്. എന്നാല്‍ ഉടന്‍ തന്നെ 10 മിനിറ്റിനുള്ളില്‍ സിലിണ്ടര്‍ എത്തുമെന്ന സോനു സൂദിന്റെ മറുപടി ട്വിറ്റെത്തി.തുടര്‍ന്ന് ഓക്‌സിജന്‍ ലഭിച്ചെന്നും സഹായത്തിന് നന്ദി പറഞ്ഞും റെയ്‌നയുടെ ട്വീറ്റുമെത്തി.