ഗുലാബ് ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ തുടരും, തൃശൂരിലും ഇടുക്കിയിലും റെഡ് അലര്‍ട്ട്

തിരുവനന്തപുരം: ഗുലാബ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ കനത്ത മഴ ഇപ്പോഴും തുടരുന്നു. വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് പുറത്തു വിട്ട കാലാവസ്ഥാ ബുള്ളറ്റിനില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി മുഴുവന്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. കടല്‍ പ്രക്ഷുബ്ധമാവാനുള്ള സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ നാളെ വരെ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടാണ്. ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവം കാരണം മഴയ്‌ക്കൊപ്പം 41 മുതല്‍ 61 കിലോമീറ്റര്‍ വരെ േേവഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഒഡീഷ, ആന്ധ്ര തീരങ്ങളിലെത്തിയ ഗുലാബ് ചുഴലിക്കാറ്റില്‍ മൂന്ന് മരണങ്ങളാണ് ആ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബോട്ട് തകര്‍ന്ന് രണ്ട് മത്സ്യത്തൊഴിലാളികളും വീട് തകര്‍ന്ന് വീണ് ഗൃഹനാഥനുമാണ് മരിച്ചത്. ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആന്ധ്രയിലും കൊങ്കണ്‍ മേഖലയിലും കനത്ത മഴ തുടരുകയാണ്.

Top