വിവാഹപ്രായം ഉയര്‍ത്തല്‍ ദുരൂഹം, അത്തരം നിയമത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്ന് കോടിയേരി

തിരുവനന്തപുരം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ലേക്ക് ഉയര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി ദുരൂഹമാണെന്നും അത്തരം നിയമത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്നും സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ സിപിഎമ്മിനകത്ത് ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗിന് അധികാരം നഷ്ടപ്പെട്ട വെപ്രാളമാണെന്നും അതുകൊണ്ട് തീവ്രനിലപാട് സ്വീകരിക്കുകയാണ്, കോഴിക്കോട് സമ്മേളനത്തില്‍ മതമാണ് പ്രശ്നമെന്ന് ലീഗ് നേതാവ് പറഞ്ഞില്ലേ, അതുകൊണ്ടാണ് ലീഗ് നിലപാട് മാറിയെന്ന് പറഞ്ഞത്. പത്തു വര്‍ഷം ഒരിക്കലും അവര്‍ പ്രതിപക്ഷത്തിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്ടില്‍ സിപിഎമ്മിന് ലീഗുമായി സഖ്യമില്ലെന്നും കോടിയേരി പറഞ്ഞു.

മാത്രമല്ല, കെ റയില്‍ വിഷയത്തില്‍ ശശി തരൂര്‍ പറഞ്ഞത് കേരളത്തിന്റെ പൊതു വികാരമെന്നും മറ്റു കോണ്‍ഗ്രസ് നേതാക്കളെ പോലെ തരൂരിന് നിഷേധാത്മക സമീപനമില്ലെന്നും, കോണ്‍ഗ്രസ് തന്നെ കൊണ്ടുവന്ന പദ്ധതിയാണിതെന്നും എന്നാല്‍ പദ്ധതി എല്‍ഡിഎഫ് നടപ്പാക്കുന്നതിലണ് കോണ്‍ഗ്രസിന് എതിര്‍പ്പെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

വിഷയം സംബന്ധിച്ച് എല്‍ഡിഎഫില്‍ പ്രശ്നമില്ലെന്നും സിപിഐ നിലപാടാണ് കാനം രാജേന്ദ്രന്‍ പറഞ്ഞതെന്നും കോടിയേരി വ്യക്തമാക്കി. കെ റെയില്‍ എല്‍ഡിഎഫിന്റെ തീരുമാനമാണെന്നും ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Top