രാമക്ഷേത്ര നിര്‍മ്മാണം; കല്ല് ശേഖരിക്കുന്നതിനായി ക്വാറികള്‍ തുറക്കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പുര്‍: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനാവശ്യമുള്ള കല്ലു ശേഖരിക്കുന്നതിനായി ക്വാറികള്‍ തുറക്കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. ഭരത്പൂര്‍ ജില്ലയിലെ ബന്‍ഷി പഹാഡ്പൂരില്‍നിന്നള്ള പിങ്കും മഞ്ഞയും കല്ലുകളാണ് രാമക്ഷേത്ര നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. എന്നാല്‍ ഇതു ലഭിക്കുന്ന ക്വാറികള്‍ വനമേഖലയില്‍ സ്ഥിതിചെയ്യുന്നതിനാല്‍ ഖനനം നിരോധിച്ചിട്ടുണ്ട്.

1996 ഡിസംബര്‍ വരെ ഇത്തരം കല്ലുകള്‍ ലഭിക്കുന്ന 42 അനധികൃത ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നു. സുപ്രീം കോടതിയുടെ വിവിധ ഉത്തരവുകളെ തുടര്‍ന്ന് പിന്നീട് ഇവ അടയ്ക്കുകയായിരുന്നു. ഇവ പ്രവര്‍ത്തിക്കുന്നതിന് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും നിര്‍ബന്ധിതമാക്കി. തുടര്‍ന്നും നിരവധി ക്വാറികള്‍ അനധികൃതമായി പ്രവര്‍ത്തനം നടത്തിയതോടെ, ഈ മാസം 6,7 തീയതികളിലായി ഭരത്പൂര്‍ ജില്ലാ ഭരണകൂടം അനധികൃത ക്വാറികള്‍ക്കെതിരെയുള്ള നടപടികള്‍ കര്‍ശനമാക്കിയതോടെ ഇവയുടെ പ്രവര്‍ത്തനവും പൂര്‍ണമായി നിലച്ചു.
ഇവിടെ നിന്നുള്ള കല്ലുകള്‍ ലഭിക്കാതാകുന്നതോടെ അയോധ്യയിലെ ക്ഷേത്രനിര്‍മാണം വൈകുമെന്നു പരാതി ഉയര്‍ന്നിരുന്നു. പ്രശ്‌നം തീര്‍ക്കാത്തപക്ഷം രാജ്യവ്യാപകമായ പ്രക്ഷോഭം ആരംഭിക്കുമെന്നു വിഎച്ച്പി മുന്നറിയിപ്പു നല്‍കിയിരുന്നു.

Top