ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ പേരിലേക്ക് ഭര്‍ത്താവ് രാജ് കുന്ദ്ര 38.5 കോടി രൂപയുടെ ആസ്തി എഴുതിവെച്ചു. മുംബൈ, ജുഹുവിലെ ഓഷ്യന്‍ വ്യൂ എന്ന കെട്ടിടത്തിലെ അഞ്ച് ഫ്‌ലാറ്റുകളും ബേസ്‌മെന്റുമാണ് ശില്‍പ്പയുടെ പേരിലേക്ക് മാറ്റിയിരിക്കുന്നതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജ് കുന്ദ്രയും ശില്‍പ്പയും അവരുടെ വീടിന്റെ വിലാസമായി ഈ ഫ്‌ലാറ്റാണ് രേഖയില്‍ കാണിച്ചിരുന്നത്. ജനുവരി 24ന് നടന്ന രജിസ്‌ട്രേഷനില്‍ 1.92 കോടി രൂപ സ്റ്റാബ് ഡ്യൂട്ടി അടച്ചിട്ടുണ്ട്.
മുംബൈയിലെ നീല ചിത്ര നിര്‍മ്മാണ കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയും ശില്‍പ്പ ഷെട്ടിയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തുടര്‍ന്ന് രാജ് കുന്ദ്രയെ കേസില്‍ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. പിന്നീട് രണ്ടു മാസത്തെ ജയില്‍ വാസത്തിന് ശേഷമായിരുന്നു കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്.
സമൂഹ മാധ്യമങ്ങളില്‍ നിന്നെല്ലാം മാറി നിന്നിരുന്ന രാജ് കുന്ദ്ര പിന്നീട് ഇന്‍സ്റ്റാഗ്രാമില്‍ സജീവമായി തുടങ്ങി. കേസ് കഴിഞ്ഞ് ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ തന്റെ ഭാര്യ ശില്‍പ്പ ഷെട്ടിയുടെ പേരിലേക്ക് കോടികള്‍ വില വരുന്ന ഫ്‌ലാറ്റുകള്‍ മാറ്റിയെഴുതിയിരിക്കുന്നത്.