വികസനരേഖയ്ക്ക് പകരം നീലചിത്രം കാണിച്ച് ബിജെപി ജയിക്കാൻ ശ്രമിക്കുന്നു ; രാജ് താക്കറെ

raj thackeray

താനെ: ബ്ലൂ പ്രിന്റിന് (വികസനരേഖ) പകരം നീലചിത്രം കാണിച്ചാണ് ബിജെപി ഗുജറാത്തിൽ വിജയം നേടാൻ ശ്രമിക്കുന്നതെന്ന് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വികസനരേഖ അവതരിപ്പിച്ചാണ് ബിജെപി മത്സരിച്ചത്.

ബിജെപി അധികാരത്തിലെത്തി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും വികസനം കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നും വീണ്ടും ഗുജറാത്തില്‍ ജനങ്ങളെ നീലചിത്രം കാട്ടി ഭരണത്തിലേറാന്‍ ബിജെപി ശ്രമിക്കുകയാണെന്നും രാജ് താക്കറെ ആരോപിച്ചു.

പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേലിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വിവാദ ലൈംഗിക വീഡിയോ പരാമര്‍ശിച്ചായിരുന്നു താക്കറെയുടെ വിമര്‍ശനം.

മഹാരാഷ്ട്രയിലെ താനെയില്‍ നടന്ന എംഎന്‍എസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജ് താക്കറെ.

മറ്റുമുള്ളവരുടെ ജീവിതത്തിലേയ്ക്കും,കിടപ്പറയിലേയ്ക്കും എന്തിനാണ് ഒളിഞ്ഞുനോക്കുന്നതെന്നും രാജ് താക്കറെ ചോദിച്ചു.

സാമൂഹ്യ മാധ്യമങ്ങള്‍ വഴി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കളിയാക്കുന്ന ബിജെപി നിലപാടിനെയും രാജ് താക്കറെ വിമര്‍ശിച്ചു.

രാഹുല്‍ ഗാന്ധിയെ പപ്പുവെന്നാണ് കളിയാക്കുന്നത്. രാഹുല്‍ ഗാന്ധി ബിജെപിക്കാര്‍ക്ക് പപ്പുവാണെങ്കില്‍ എന്തിനാണ് ഗുജറാത്തില്‍ എല്ലാമന്ത്രിമാരും രാഹുലിനെ എതിര്‍ക്കാനെത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഗുജറാത്തിന്റെ വികസനത്തിനായി മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ബുള്ളറ്റ് ട്രെയിൻ പദ്ധതി ഗുജറാത്തിന് വേണ്ടി മാത്രമുള്ളതാണ്. പക്ഷെ അതിനായി വായ്പയെടുത്തതിന്റെ ബാധ്യത രാജ്യം മുഴുവൻ നൽകണമെന്നും രാജ് താക്കറെ ആരോപിച്ചു.

ഒരുലക്ഷം കോടിയുടെ ബാധ്യതയാണ് രാജ്യത്തിന് ഉണ്ടാകുന്നതെന്നും അതിനാലാണ് എംഎന്‍എസ് പദ്ധതിയെ എതിര്‍ക്കുന്നതെന്നും രാജ് താക്കറെ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് അനവധി പ്രശ്നങ്ങൾ നിലനില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ചെയ്യാനാണ് പറയുന്നത്. ഇതാണോ പ്രധാനമന്ത്രിയുടെ ജോലിയെന്നും രാജ് താക്കറെ ചോദിക്കുന്നു.

Top