മുംബൈ: പൗരത്വ നിയമത്തിനും ദേശീയ പൗരത്വ റജിസ്റ്ററിനും പിന്തുണ അറിയിച്ചുകൊണ്ട് എംഎന്‍എസ് മേധാവി രാജ് താക്കറെ. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ റജിസ്റ്ററിനും എതിരെ നടക്കുന്ന റാലികള്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.അനധികൃത പാകിസ്ഥാന്‍, ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുക എന്ന ആഹ്വാനവുമായി മുംബൈയില്‍ നടത്തിയ കൂറ്റന്‍ പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നയിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിത്. അവര്‍ നാടകം തുടര്‍ന്നാല്‍ ഇനി കല്ലുകള്‍ കല്ലുകളോടും വാളുകള്‍ വാളുകളോടും സംസാരിക്കും – മൈതാനത്ത് ആയിരക്കണക്കിന് എംഎന്‍എസ് പ്രവര്‍ത്തകരുടെ ഒത്തുചേരലിനെ അഭിസംബോധന ചെയ്തുകൊണ്ട് രാജ് താക്കറെ പറഞ്ഞു.
മുസ്‌ലിംകള്‍ എന്തിനാണ് പൗരത്വ നിയമത്തിനും സെന്‍സെസിനുമെതിരെ പ്രക്ഷോഭം നയിക്കുന്നത്? ഇവിടെ ജനിച്ചുവളര്‍ന്ന ഒരു ഇന്ത്യക്കാരനും പൗരത്വം നഷ്ടപ്പെടില്ല. പിന്നെയെന്തിനാണ് ഈ നാടകം? ആരോടാണ് നിങ്ങള്‍ കരുത്തു കാട്ടുന്നത് – രാജ് ചോദിച്ചു.
ബംഗ്ലദേശില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കുള്ള ധര്‍മശാലയല്ല ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. മുംബൈ ബാഗ് എന്ന പേരില്‍ മുംബൈയില്‍ അനിശ്ചിതകാല സമരം നടത്തുന്നവരെ 48 മണിക്കൂറിനകം ഒഴിപ്പിക്കാന്‍ പൊലീസിന് അധികാരം നല്‍കണമെന്നും രാജ് ആവശ്യപ്പെട്ടു.