മുംബൈ: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വീണ്ടും രംഗത്ത്. മോദി വിശ്വാസവഞ്ചനയാണ് കാണിക്കുന്നതെന്നും ബിജെപി നേതൃത്വം നല്കുന്ന സര്‍ക്കാരില്‍ നിന്ന് ശിവസേന രാജിവയ്ക്കണമെന്നും രാജ് താക്കറെ പറഞ്ഞു.
നിരവധി വിദേശ രാജ്യങ്ങളില്‍ മോദി പര്യടനം നടത്താറുണ്ട്. അതിന്റെ ഫലം എന്താണ്. മോദി വിഭാവനം ചെയ്ത ‘അഛേ ദിന്’ എവിടെയാണെന്നും രാജ് താക്കറെ ചോദിച്ചു. എംഎസ്എന്‍ പാര്‍ട്ടിയുടെ ശിവജി പാര്‍ക്കിലെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു രാജ് താക്കറെ.
കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞു, എന്നിട്ട് എന്തായി കോടികള്‍ വെട്ടിച്ച വിജയ് മല്യ രാജ്യംവിട്ടിരിക്കുകയാണ്. ആഭരണ വ്യാപാരികള്‍ പ്രക്ഷോഭവുമായി തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്.
ബിജെപിക്ക് വോട്ട് ചെയ്തതാണ് തങ്ങള്‍ ചെയ്ത ഏക കുറ്റം എന്നാണ് അവര്‍ പറയുന്നതെന്നും രാജ് താക്കറെ വ്യക്തമാക്കി. മുമ്പ് മോദിയായിരുന്നു ജനങ്ങള്‍ കണ്ട ഏക ആശ്വാസം. എന്നാല്‍, ഇപ്പോള്‍ എല്ല വിശ്വാസവും അസ്ഥാനത്തായിരിക്കുകയാണെന്നും രാജ് താക്കറെ കുറ്റപ്പെടുത്തി.