രാജമല ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കുള്ള പുനരധിവാസ പാക്കേജ് സംസ്ഥാനം പ്രഖ്യാപിച്ചു

ഇടുക്കി: രാജമലയില്‍ മണ്ണിടിഞ്ഞ് അപകടത്തില്‍ രക്ഷപ്പെട്ടവര്‍ക്കുള്ള പുനരധിവാസ പാക്കേജ് സംസ്ഥാനം പ്രഖ്യാപിച്ചു. പെട്ടിമുടിയിലെ എല്ലാ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പെട്ടിമുടി ദുരിതമേഖല സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെട്ടിമുടിയിലെ എല്ലാ കുടുംബങ്ങളെയും പുനരധിവസിപ്പിക്കും. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണന്‍ ദേവന്‍ കമ്പനി സഹായിക്കുമെന്നാണ് കരുതുന്നത്. വീട് നിര്‍മിക്കാന്‍ സഹായവും സ്ഥലവും ആവശ്യമാണ്. ഇത് ചെയ്യണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടു. പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ബിരുദ പഠനം നടക്കേണ്ടതുണ്ട്. അവര്‍ക്ക് വേണ്ട സഹായം പ്രത്യേകമായി പരിഗണിച്ചു നടപ്പാക്കും. കമ്പനിയുടെ ഭാഗത്തു നിന്നും കുറച്ചു നടപടികള്‍ കൂടി വേണം.

തൊഴിലാളികളെ മാറ്റിത്താമസിപ്പിച്ച ലയങ്ങളുടെ അറ്റകുറ്റപ്പണി നടത്തണം. ലയങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഗൗരവമായി ചര്‍ച്ച നടത്തും. ഇടമലക്കുടിയിലേക്കുള്ള റോഡ് മെച്ചപ്പെടുത്തും. ഇക്കാര്യം നേരത്തെ തന്നെ സര്‍ക്കാരിന്റെ പരിഗണനയിലുള്ളതാണ്. എന്താണ് ചെയ്യേണ്ടതെന്ന് ഗൗരവമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ധനസഹായത്തിന് പുറമെയാണ് വീട് വച്ച് നല്‍കുന്നതെന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Top