തൊടുപുഴ: സ്വാതന്ത്രത്തിനു മുമ്പ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യാത്ത കമ്പനികളുടെ ഭൂമി ഏറ്റെടുക്കാമെന്ന് കാണിച്ചുകൊണ്ട് സ്‌പെഷല്‍ ഓഫീസര്‍ രാജമാണിക്യം റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കുറിപ്പു നല്‍കി.
ടാറ്റയുടേയും ഹാരിസണിന്റേയും ഉള്‍പ്പെടെ 5.25 ലക്ഷം ഏക്കര്‍ തോട്ടഭൂമി ഏറ്റെടുക്കാനാകില്ലെന്ന റിപ്പോര്‍ട്ട് നിയമ സെക്രട്ടറി നല്‍കിയ സാഹചര്യത്തിലാണ് രാജമാണിക്യം കുറിപ്പു നല്‍കിയത്.
ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ആക്ട്, ഫോറിന്‍ എക്‌സേഞ്ച് റഗുലേഷന്‍സ് ആക്ട് എന്നിവ പ്രകാരം വിദേശികള്‍ കൈവശം വച്ചിരുന്ന തോട്ടഭൂമി സര്‍ക്കാരിന്റേതായി മാറിയെന്നും അത് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ഭരണഘടനാ വിരുദ്ധവും സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനവുമാണെന്നായിരുന്നു നിയമ സെക്രട്ടറി പറഞ്ഞിരുന്നത്.
ഇന്‍ഡിപ്പെന്‍ഡന്‍സ് ആക്ട് പ്രകാരം രാഷ്ട്രീയ ഉമ്പടികളാണ് റദ്ദായതെന്നും ഫെറാ നിയമ പ്രകാരം റിസര്‍വ്വ് ബാങ്കിനാണ് നടപടികളെടുക്കാന്‍ അധികാരമുള്ളതെന്നും മുമ്പുതന്നെ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ബ്രിട്ടീഷുകാരുടേതായി ഇന്ത്യയില്‍ നിലനിന്ന സ്വത്തുവകകള്‍ മുഴുവന്‍ ഭരണഘടന അനുസരിച്ച് ഇന്ത്യന്‍ സര്‍ക്കാരിന്റേതായി മാറി.
1971 ലെ കണ്ണന്‍ ദേവന്‍ ഹില്‍സ് ആക്ട് അനുസരിച്ച് 1974 ല്‍ 57,235.57 ഏക്കര്‍ ഭൂമി കൃഷി ആവശ്യത്തിനായി കണ്ണന്‍ദേവന്‍ ഹില്‍സ് പ്രൊഡ്യൂസ് കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വിട്ടുനല്‍കുകയായിരുന്നു. മൂന്നാറില്‍ ഭൂമി അനുവദിച്ച ഈ നടപടി അസാധുവെന്ന നിലയില്‍ നിയമപരമായി ചോദ്യം ചെയ്യപ്പെടാം.