ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തേണ്ടിവരും എം.ജി രാജമാണിക്യം

തിരുവനന്തപുരം: മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് പിന്നാലെ കെ.എസ്.ആര്‍.ടി.സിയിലെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മാനേജിങ് ഡയറക്ടര്‍ എം.ജി രാജമാണിക്യം.

ഇരട്ടഡ്യൂട്ടി ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തിയ പണിമുടക്ക് പിന്‍വലിച്ചതിന് പിന്നാലെയാണ് പുതിയ പരിഷ്‌കാരം വ്യാപകമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനം ദേശീയ ശരാശരിക്ക് ഒപ്പമെങ്കിലും എത്തിക്കുന്നതിനുള്ള നീക്കത്തിനാണ് തുടക്കം കുറിച്ചിട്ടുള്ളത്. പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ആദ്യം നേരിടുന്ന ബുദ്ധിമുട്ടുകള്‍ ജീവനക്കാര്‍ മനസിലാക്കുമെന്നാണ് പ്രതീക്ഷ. ഏത് സ്ഥാപനത്തിലെയും പത്ത് ശതമാനത്തോളം ജീവനക്കാര്‍ പരിഷ്‌കരണങ്ങളോട് മുഖംതിരിച്ച് നില്‍ക്കാറുണ്ട്. അവര്‍ക്കെതിരെ നടപടിയെടുക്കാതെ നിവൃത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തുന്നതിന് ചര്‍ച്ചയിലൂടെ ധാരണയിലെത്താനാണ് ശ്രമിക്കുന്നത്. കാര്യങ്ങള്‍ അവര്‍ മനസിലാക്കുമെന്നാണ് പ്രതീക്ഷ.

ഏഴ് കോടിരൂപ പ്രതിദിന കളക്ഷന്‍ ലഭിച്ചാല്‍ മാത്രമെ ലാഭവും നഷ്ടവുമില്ലാതെ കെ.എസ്.ആര്‍.ടി.സിക്ക് മൂന്നോട്ട് പോകാനാകൂ. അതിനുള്ള നീക്കം നടത്തുന്നുണ്ട്. എന്നാല്‍ കടംവാങ്ങി എത്രനാള്‍ മുന്നോട്ട് പോകാനാകും എന്നത് പ്രധാന ചോദ്യമാണ്. കണ്‍സഷനും പാസും നല്‍കുന്നതുവഴി ഉണ്ടാകുന്ന ബാധ്യത കെ.എസ്.ആര്‍.ടി.സിക്ക് താങ്ങാനാകുന്നതല്ല. ഇതിന്റെ പണം തിരികെനല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടാകണമെന്നും എം.ജി രാജമാണിക്യം അഭിപ്രായപ്പെട്ടു.

Top