കോവിഡ് മഹാമാരിയെ തുടർന്ന് ഷൂട്ടിംഗ് നിർത്തിവെച്ച എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ‘ആർ ആർ ആർ’ ചിത്രീകരണം പുനരാരംഭിച്ചു. മാസങ്ങളായി അടച്ചിട്ട ചിത്രത്തിന് ബ്രഹ്മാണ്ഡ സെറ്റ് കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ തുറന്നത്. പൊടിപിടിച്ച വലിയ സെറ്റുകൾ ശുചിയാക്കുന്നതും അണുവിമുക്തമാക്കുന്നതുമായ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
സിനിമയുടെ ഷൂട്ടിങ് സാമഗ്രികളെല്ലാം പൊടിപിടിച്ച നിലയിലായിരുന്നു. അണിയറ പ്രവർത്തകർ പുറത്തിറക്കിയ വിഡിയോയിലും ഇത് കാണാം. രൗദ്രം രണം രുധിരം എന്നാണ് ചിത്രത്തിന്റെ പേര്. ജൂനിയര്‍ എൻ ടി ആര്‍, രാംചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്.
സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് ഇവര്‍. ചിത്രം ഒരു സാങ്കല്‍പ്പിക കഥയാണ് എന്നാണ് രാജമൗലി പറയുന്നത്. കൊമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ കഥകള്‍ സാമ്യമുള്ളവയാണ്. പക്ഷേ അവര്‍ കണ്ടിട്ടില്ല. അവര്‍ തമ്മില്‍ പരസ്‍പരം അറിയാമെങ്കില്‍ എങ്ങനെ ആയിരുന്നുവെന്നാണ് ചിത്രം പറയുന്നത്.
സീതാരാമ രാജുവായി രാം ചരണും കോമരം ഭീമായ ജൂനിയര്‍ എൻടിആറും അഭിനയിക്കുന്നു. അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട് എന്നിവരും ചിത്രത്തിലുണ്ട്. കെ കെ സെന്തില്‍കുമാര്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 2021 ജനുവരിയിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ നീക്കം.