ഹിന്ദി ചിത്രം ‘ബ്രഹ്മാസ്ത്ര’യുടെ ദക്ഷിണേന്ത്യൻ വിതരണാവകാശം രാജമൗലിയ്ക്ക്

ഹിന്ദി ചിത്രം ‘ബ്രഹ്മാസ്ത്ര’യുടെ ദക്ഷിണേന്ത്യൻ വിതരണാവകാശം സ്വന്തമാക്കി എസ്.എസ്. രാജമൗലി. രൺബീർ കപൂർ–അമിതാഭ് ബച്ചൻ–ആലിയ ഭട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അയൻ മുഖർജിയാണ് ചിത്രം ഒരുക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ രാജമൗലി ഈ ചിത്രം തിയേറ്ററുകളിലെത്തിക്കും.

മൂന്ന് ഭാ​ഗങ്ങളായാണ് ബ്രഹ്മാസ്ത്ര ഒരുങ്ങുന്നത്. ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസ്, ധർമ്മ പ്രൊഡക്ഷൻസ്, പ്രൈം ഫോക്കസ്, സ്റ്റാർലൈറ്റ് പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് നിർമ്മാണം.

ബോളിവുഡിലെ പ്രണയജോഡികളായ ആലിയയും രൺബീറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ചിത്രത്തിൽ നാഗാർജുനയും മൗനി റോയിയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഫാന്റസി, സാഹസികത, നന്മ, തിന്മ, സ്നേഹം, പ്രതീക്ഷ എന്നിവ ഒത്തുചേർന്ന ഒരു മഹാകാവ്യമാണ് ബ്രഹ്മാസ്ത്രയെന്നാണ് അണിയറപ്രവര്‍ത്തകർ പറയുന്നത്. 2022 സെപ്റ്റംബർ 9ന് അഞ്ച് ഭാഷകളിലായി ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്.

 

Top