തമിഴകം പിടിക്കാന്‍ സൂപ്പര്‍ സ്റ്റാറിനെ വെച്ച് സൂപ്പര്‍ കരുനീക്കത്തിന് വീണ്ടും ബി.ജെ.പി. രജനി രൂപീകരിക്കുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയെ എന്‍.ഡി.എയില്‍ ഉള്‍പ്പെടുത്തുവാനാണ് നീക്കം. ഇക്കാര്യം പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ രജനിയോട് വ്യക്തമാക്കി കഴിഞ്ഞതായാണ് ലഭിക്കുന്ന വിവരം.
2021-ലാണ് തമിഴ്നാട്ടില്‍ പൊതു തിരഞ്ഞെടുപ്പ് വരുന്നത്. അതിന് മുന്നേ തന്നെ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് ആലോചന. അണ്ണാ ഡി.എം.കെയ്ക്ക് ഇനി ഒരിക്കല്‍ കൂടി അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം ആ പാര്‍ട്ടി നേതാക്കള്‍ തന്നെ ഇപ്പോള്‍ ഉള്‍ക്കൊള്ളുന്നുണ്ട്.
അതുകൊണ്ട് തന്നെ രജനി ഉള്‍പ്പെട്ട മുന്നണിയുടെ ഭാഗമാകാനാണ് അണ്ണാ ഡി.എം.കെയിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നത്. ലോക്‌സഭയിലേക്ക് വിജയിച്ച ഏക ഭരണപക്ഷ എം.പി ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ മകനാണ്. മകനെ കേന്ദ്ര സഹമന്ത്രിയാക്കിയാല്‍ ബി.ജെ.പി ആഗ്രഹിക്കുന്നത് എന്തും ചെയ്യാന്‍ പനീര്‍ശെല്‍വം തയ്യാറാകുമെന്നാണ് സൂചന.
ഡി.എം.കെ നേതൃത്വത്തിലുള്ള പ്രതിപക്ഷം അതിശക്തമായ സാഹചര്യത്തില്‍ ഭാഗ്യപരീക്ഷണം വേണ്ടന്ന നിലപാടിലാണ് അണ്ണാ ഡി.എം.കെ നേതൃത്വം. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയെ അനുകൂലിക്കുന്നവര്‍ പോലും രജനിക്ക് കീഴില്‍ അണിനിരക്കാനുള്ള മാനസിക തയ്യാറെടുപ്പിലാണിപ്പോള്‍.
ഒറ്റയ്ക്ക് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തമിഴക ഭരണം പിടിക്കാമെന്ന അഹങ്കാരമൊന്നും നിലവില്‍ രജനിക്കില്ല. കമല്‍ ഹാസന്റെ മക്കള്‍ നീതിമയ്യം പാര്‍ട്ടിയുടെ അവസ്ഥയാണ് ഇവിടെ സൂപ്പര്‍ സ്റ്റാറിന് പാഠമായിരിക്കുന്നത്.
ഒരു സീറ്റു പോലും ലോകസഭ തിരഞ്ഞെടുപ്പില്‍ നേടാന്‍ കമലിന്റെ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ വോട്ടിങ്ങ് ശതമാനത്തില്‍ ചിലയിടങ്ങളില്‍ മോശമില്ലാത്ത പ്രകടനം ആ പാര്‍ട്ടി കാഴ്ച വെച്ചിട്ടുണ്ട്.
പുതിയ പാര്‍ട്ടി രജനി രൂപീകരിച്ചാലും അണ്ണാ ഡി.എം.കെയുടെ സംഘടനാ സംവിധാനം ഉപയോഗപ്പെടുത്തണമെന്നതാണ് ബി.ജെ.പിയുടെ നിലപാട്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ നേട്ടം ഡി.എം.കെ കൊണ്ടുപോകാതെയിരിക്കാനാണ് ഈ നിര്‍ദ്ദേശം. രജനിക്ക് കീഴില്‍ നില്‍ക്കാന്‍ അണ്ണാ ഡി.എം.കെ തയ്യാറായില്ലെങ്കില്‍ വാഷ് ഔട്ടായി പോകുമെന്നാണ് കാവി പടയുടെ മുന്നറിയിപ്പ്.
ബി.ജെ.പി കൂടി ഉള്‍പ്പെടുന്ന ഒരു മഹാ സഖ്യം തമിഴകത്ത് രൂപപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. തന്റെ ഏറ്റവും പുതിയ സിനിമയായ ‘ദര്‍ബാര്‍’ പുറത്തിറങ്ങിയാല്‍ രജനി രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിലേക്ക് കടക്കും.
അതേ സമയം രജനി, മോദിയെയും അമിത് ഷായെയും കൃഷ്ണനോടും അര്‍ജുനനോടും ഉപമിച്ചത് തമിഴകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ കശ്മീര്‍ നിലപാടിനെ പിന്തുണച്ചായിരുന്നു സൂപ്പര്‍ സ്റ്റാറിന്റെ പ്രതികരണം. അമിത് ഷായുടെ ലോക്‌സഭയിലെ പ്രസംഗത്തെയും രജനികാന്ത് പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.
കശ്മീരിന്റെ പ്രത്യേക അധികാരം എടുത്ത് കളഞ്ഞ നടപടിയെ പിന്തുണച്ചതിലൂടെ കാവി രാഷ്ടീയത്തോടുള്ള താല്‍പ്പര്യമാണ് രജനി വീണ്ടും ഇവിടെ പ്രകടമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി മോദിക്കും അമിത് ഷാക്കും മാത്രമല്ല, ആര്‍.എസ്.എസ് നേതൃത്വത്തിനും ഏറെ പ്രിയപ്പെട്ട താരമാണ് രജനീകാന്ത്.
ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രസക്തി അറിയുന്നത് കൊണ്ടാണ് രജനി പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കട്ടെ എന്ന നിലപാട് ബി.ജെ.പിയും സ്വീകരിച്ചിരുന്നത്. ആത്മീയ രാഷ്ട്രീയമാണ് തന്റെ സ്വപ്നമെന്നാണ് രജനി ഇതിനകം തന്നെ വ്യക്തമാക്കിയിരിക്കുന്നത്.
രജനിയിലൂടെ തമിഴകം പിടിച്ചാല്‍ പിന്നെ തെലങ്കാനയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഇവിടെയും ഒരു സൂപ്പര്‍ താരത്തെ മുന്‍ നിര്‍ത്തി ഭരണം പിടിക്കാനാണ് നീക്കം. തമിഴകത്തും ആന്ധ്രയിലും സിനിമയിലൂടെ മുഖ്യമന്ത്രിമാരായ താരങ്ങള്‍ നിരവധിയാണ്. തമിഴകത്ത് എം.ജി രാമചന്ദ്രനും ജയലളിതയും ആന്ധ്രയില്‍ എന്‍.ടി.രാമറാവുവും ഇതിന് ഉദാഹരണങ്ങളാണ്. ഇതേ പാതയിലാണ് ഇപ്പോള്‍ രജനിയും സഞ്ചരിക്കുന്നത്. രാഷ്ട്രീയവും സിനിമയും ഇടകലര്‍ന്ന ദ്രാവിഡ മണ്ണില്‍ ഇനി ആരാണ് വാഴുകയെന്നതാണ് രാഷ്ട്രീയ ലോകവും ഇപ്പോള്‍ ഉറ്റു നോക്കുന്നത്.