ചെന്നൈ: രജനീകാന്ത് മോദിക്ക് കൈ കൊടുക്കുമോ ?ബിഗ്ബിയുടെ വാക്കുകള്‍ തള്ളുമോ ?ഉത്തരം കിട്ടാന്‍ ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് തമിഴകത്ത് നിന്ന് ഇപ്പോള്‍ ഉയരുന്നത്.
2009ന് ശേഷം ഇതാദ്യമായി ഏപ്രില്‍ രണ്ടിന് കോടമ്പാക്കത്ത് വിളിച്ചു ചേര്‍ത്തിരിക്കുന്ന രജനി ഫാന്‍സ് അസോസിയേഷന്‍ യോഗമാണ് പരക്കെ അഭ്യൂഹം പരത്തിയിരിക്കുന്നത്.
രജനിയുമായി മുതിര്‍ന്ന ആര്‍ എസ് എസ് നേതാവ് ചര്‍ച്ച നടത്തിയതിനു ശേഷം നടക്കുന്ന ആദ്യ യോഗമാണ് ഇതെന്നതും ശ്രദ്ധേയമാണ്.
രജനികാന്തിന്റെ പിന്‍ഗാമി എന്നറിയപ്പെടുന്ന ഇളയദളപതി വിജയ് രാഷ്ട്രീയത്തിലിറങ്ങില്ലെന്ന് പിതാവ് ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് രജനി ഫാന്‍സിന്റെ യോഗം സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
ഇത്രയും വര്‍ഷം വിളിച്ചു ചേര്‍ക്കാത്ത യോഗം സൂപ്പര്‍സ്റ്റാര്‍ ഇപ്പോള്‍ വിളിച്ചു ചേര്‍ത്തത് എന്തിനാണെന്ന് ഓര്‍ത്ത് തമിഴകത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ നെഞ്ചിടിപ്പും കൂടിയിട്ടുണ്ട്.
ഫാന്‍സ് അസോസിയേഷനുകള്‍ സജീവമാക്കി നിര്‍ത്തുന്നതിന് പിന്നില്‍ രജനിയുടെ രാഷട്രീയ താല്‍പര്യം തന്നെയാണെന്നാണ് ഇവര്‍ കരുതുന്നത്.
തമിഴകത്ത് ഏറ്റവും അധികം ജനപിന്തുണയുള്ള രജനി രാഷ്ട്രീയ പ്രഖ്യാപനം നടത്തിയാല്‍ അത് തമിഴകത്തിന്റെ ‘തലയിലെഴുത്ത്’ തന്നെ മാറ്റാന്‍ കാരണമായേക്കും.
രജനിയുടെ ലങ്കാ സന്ദര്‍ശനം തമിഴ് അനുകൂല സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഈയിടെ ഉപേക്ഷിച്ചിരുന്നു.
ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ആരെയും പിന്തുണക്കില്ലെന്ന പ്രസ്താവനയും സൂപ്പര്‍ സ്റ്റാര്‍ നടത്തിയിരുന്നു.
രജനി പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി ബി ജെ പിയുമായി സഖ്യം ചേരണമെന്നതാണ് ആര്‍ എസ് എസ് നേതൃത്വവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഗ്രഹിക്കുന്നത്.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് അത് യഥാര്‍ത്ഥ്യമായാല്‍ 39 എം പിമാരുള്ള തമിഴ്‌നാട് തൂത്ത് വാരാന്‍ സാധിക്കുമെന്നാണ് കണക്ക് കൂട്ടല്‍.
രജനി നിലപാട് പ്രഖ്യാപിച്ചാല്‍ ആ നിമിഷം സംസ്ഥാന സര്‍ക്കാര്‍ നിലംപൊത്തുകയും ഭരണപ്രതിപക്ഷ എം എല്‍ എ മാരും പ്രവര്‍ത്തകരും കൂട്ടത്തോടെ കൂട് മാറുമെന്നുമാണ് ബി ജെ പി കണക്ക് കൂട്ടുന്നത്.
അതേ സമയം യോഗം പതിവ് ചര്‍ച്ചകള്‍ക്ക് വേണ്ടി മാത്രമാണെന്നാണ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്.എല്ലാ ജില്ലകളിലെയും നേതാക്കള്‍ പങ്കെടുക്കും. രജനീകാന്തും യോഗത്തിനെത്തുമെന്നാണ് സൂചന.
രാഷ്ട്രീയത്തിലിറങ്ങുന്നത് സംബന്ധിച്ച് തന്നോട് അഭിപ്രായം ചോദിച്ച രജനിയോട് അടുത്ത സുഹൃത്ത് കൂടിയായ അമിതാഭ് ബച്ചന്‍ അരുതെന്ന് പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.