ധനുഷ് ഇടപെട്ടു, സൂപ്പർസ്റ്റാറും ‘മെർസലായി’ ബി.ജെപി നേതാക്കളുടെ സമ്മർദ്ദം ഏറ്റില്ല !

ചെന്നൈ: ദളപതി വിജയ് നായകനായ വിവാദ സിനിമ മെർസലിനു അനുകൂലമായി രജനി നിലപാട് എടുക്കാതിരിക്കാൻ സമ്മർദ്ദം ചെലുത്തിയ ബി.ജെ.പി നേതാക്കൾക്ക് തിരിച്ചടി.l

സിനിമയുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനം രേഖപ്പെടുത്തുക മാത്രമല്ല, ‘പ്രധാനപ്പെട്ട’ വിഷയമാണ് മെർസൽ കൈകാര്യം ചെയ്തിരിക്കുന്നതെന്നും അത് അഭിനന്ദനം അർഹിക്കുന്നുവെന്നുമാണ് രജനി ട്വീറ്റ് ചെയ്തിരിക്കുന്നത്.

മെർസലിലെ ജി.എസ്.ടിക്കെതിരായ വിമർശനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ഘടകം ശക്തമായി രംഗത്ത് വന്നിരിക്കെ സൂപ്പർ സ്റ്റാർ രജനിയുടെ പിന്തുണ മെർസൽ ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തുകൂടിയായ രജനി രാഷ്ട്രീയത്തിലിറങ്ങുമെന്ന ശക്തമായ അഭ്യൂഹം ഇപ്പോഴും തമിഴകത്തുണ്ട്.

ആർ.എസ്.എസ് സൈതാന്തികനായ ഗുരുമൂർത്തിയാണ് രജനിയെ രാഷ്ട്രീയത്തിലിറങ്ങാൻ ഏറ്റവും അധികം പ്രേരിപ്പിച്ചിരുന്നത്.

ഈ ഗുരുമൂർത്തിയെ മുൻനിർത്തി രജനി മെർസലിനു പിന്തുണ നൽകുന്നത് ഒഴിവാക്കാൻ ബി.ജെ.പി നേതാക്കൾ ശ്രമം നടത്തിയിരുന്നുവെങ്കിലും ഗുരുമൂർത്തി ഒഴിഞ്ഞു മാറുകയായിരുന്നുവത്രെ.

ജി.എസ്.ടിയുടെ കാര്യത്തിൽ ഗുരുമൂർത്തിക്കും വ്യത്യസ്ത അഭിപ്രായമാണ് ഉള്ളതെന്നാണ് പറയപ്പെടുന്നത്.

തമിഴ് ജനതക്കിടയിൽ വലിയ സ്വാധീനമുള്ള രജനി എന്തുകൊണ്ട് മെർസൽ വിവാദത്തിൽ പ്രതികരിക്കുന്നില്ല എന്ന ചോദ്യം സോഷ്യൽ മീഡിയ വിമർശനപരമായി ഉന്നയിച്ചു തുടങ്ങിയ ഘട്ടത്തിൽ തന്നെയാണ് ഇപ്പോൾ സൂപ്പർ സ്റ്റാർ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

മരുമകനും ദളപതി വിജയ് യുടെ അടുത്ത സുഹൃത്തുമായ നടൻ ധനുഷ്, മക്കളായ ഐശ്വര്യ, സൗന്ദര്യ തുടങ്ങിയവരും മെർസൽ ടീമിനെ പിന്തുണച്ച് രജനി രംഗത്ത് വരണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നതായാണ് തമിഴകത്ത് നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ഇതിനിടെ മെർസലിനും ദളപതിക്കും പിന്തുണ പ്രഖ്യാപിച്ച് തമിഴ് സിനിമാലോകം ഒറ്റക്കെട്ടായി രംഗത്ത് വന്നതോടെ ഇനി വിവാദ രംഗം ഒഴിവാക്കില്ലന്ന നിലപാട് സിനിമയുടെ നിർമ്മാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

മെർസൽ സിനിമയിൽ നിന്നും ജി.എസ്.ടിക്കെതിരായ രംഗം ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് സൂപ്പർ താരം തല അജിത്തിന്റെ ആരാധകരും ഇപ്പോൾ രംഗത്തിറങ്ങിയിട്ടുണ്ട്.

കേന്ദ്ര സർക്കാർ നയത്തെ വിമർശിച്ച സിനിമയിലെ ഡയലോഗിനെ ചൊല്ലി നായകൻ വിജയിക്കെതിരെ രൂക്ഷമായ കടന്നാക്രമണമാണ് ബി.ജെ.പി നേതാക്കൾ നടത്തിയിരുന്നത്.

വിജയ് ജോസഫ് വിജയ് ആണെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ മതത്തെ ഓർമ്മപ്പെടുത്തിയ ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറി എച്ച്.രാജയുടെ നടപടിയാണ് പ്രതിഷേധം രൂക്ഷമാക്കിയത്.

Top