രജനിയെ ഒപ്പം നിർത്താൻ മരുമകൻ്റെ പിതാവിനെ തന്നെ ‘റാഞ്ചി’ ബി.ജെ.പി !

ഹാരാഷ്ട്ര കഴിഞ്ഞാല്‍, കൊലയാളി വൈറസ് വിറപ്പിക്കുന്ന പ്രധാന സംസ്ഥാനം തമിഴ്‌നാടാണ്. കേരളത്തെ പോലെ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന സംസ്ഥാനമാണിത്. ദ്രാവിഡ മണ്ണിലെ രാഷ്ട്രീയ പോരിന്, കോവിഡ് പശ്ചാത്തലത്തില്‍ അല്‍പം ശമനം വന്നിട്ടുണ്ടെങ്കിലും, രാഷ്ട്രീയ പാര്‍ട്ടികളെല്ലാം വലിയ ആശങ്കയിലാണ്. കോവിഡ് വ്യാപനം തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കാന്‍ ഇടയാക്കില്ലെന്ന, റിപ്പോര്‍ട്ടുകളാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ ചങ്കിടിപ്പിക്കുന്നത്.

വിവാദമായ ലോക്കപ്പ് മരണങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തു കഴിഞ്ഞു. തൂത്തുകുടി പൊലീസ് വെടിവയ്പിന് പിന്നാലെയാണ്, രാജ്യത്തെ നടുക്കിയ ലോക്കപ്പ് മരണങ്ങളും അരങ്ങേറിയിരിക്കുന്നത്. കോവിഡ് വ്യാപനം തടഞ്ഞ് നിര്‍ത്താന്‍ കഴിയാത്തതും അണ്ണാ ഡി.എം.കെ സര്‍ക്കാറിനിപ്പോള്‍, വലിയ ഭീഷണിയാണ്. തമിഴ് ജനത ആകെ രോഷത്തിലാണ്. ഒരു ഭരണമാറ്റം അവരിപ്പോള്‍ ആഗ്രഹിക്കുന്നുണ്ട് എന്നാണ്, രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.

ജയലളിതയുടെ പിന്‍ബലത്തില്‍ മാത്രമാണ് വീണ്ടും അണ്ണാ ഡി.എം.കെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരുന്നത്. ഇന്നിപ്പോള്‍ ആ പാര്‍ട്ടിയെ നയിക്കാന്‍ നായകനില്ലാത്ത അവസ്ഥയാണുള്ളത്.മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും രണ്ടു വഴിക്കാണ്. കേരളത്തിലെ കേരള കോണ്‍ഗ്രസ്സിന് സമാനമായ തര്‍ക്കങ്ങളാണ് അണ്ണാ ഡി.എം.കെയിലുമുള്ളത്. മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വം, തന്റെ കീഴില്‍ മന്ത്രിയായിരുന്ന എടപ്പാടിക്ക് കീഴില്‍, ഉപമുഖ്യമന്ത്രിയായത് തന്നെ അധികാര മോഹത്താലാണ്. തമിഴകത്ത് നിന്നും ജയിച്ച ഏക അണ്ണാ ഡി.എം.കെ ലോകസഭാംഗം, പനീര്‍ശെല്‍വത്തിന്റെ മകന്‍ ആയത് കൊണ്ടു മാത്രമാണ്, കേന്ദ്ര മന്ത്രിസഭയില്‍ പ്രാതിനിത്യം ഇല്ലാതെ പോയിരുന്നത്. ബി.ജെ.പിയുമായി അടുത്ത് നില്‍ക്കുന്ന അണ്ണാ ഡി.എം.കെ ആവശ്യപ്പെട്ടാല്‍, ഒരു കേന്ദ്ര മന്ത്രി പദം അവര്‍ക്ക് തീര്‍ച്ചയായും ലഭിക്കുമായിരുന്നു. എന്നാല്‍ അത് ഇവിടെ ഉണ്ടായിട്ടില്ല. എടപ്പാടി വിഭാഗത്തിന്റെ എതിര്‍പ്പാണ് കേന്ദ്രമന്ത്രി ‘സ്വപ്നം’ തെറുപ്പിച്ചിരുന്നത്. രാജ്യസഭാംഗങ്ങളായ അണ്ണാ ഡി.എം.കെ നേതാക്കള്‍ കൂടി, മന്ത്രി സ്ഥാനം ലക്ഷ്യമിട്ടതാണ് പനീര്‍ശെല്‍വ വിഭാഗത്തിന് വിനയായി മാറിയത്.

അണ്ണാ ഡി.എം.കെയിലെ ഈ ആഭ്യന്തര സംഘര്‍ഷവും, ഡി.എം.കെക്കാണ് നിലവില്‍ ഗുണമാകുന്നത്. പ്രാദേശികമായി അണ്ണാ ഡി.എം.കെയില്‍ നിന്നും ഡി.എം.കെയിലേക്ക് നല്ല ഒഴുക്കാണുള്ളത്. ലോകസഭ തിരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയം, വലിയ പ്രതീക്ഷയാണ് ഡി.എം.കെ സഖ്യത്തിന് നല്‍കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പോലും നാല് ലോകസഭ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞിരുന്നു. സി.പി.എം 2 ,സി.പി.ഐ 2 എന്നിങ്ങനെയാണ് ഇടതുപക്ഷത്തെ കക്ഷിനില. നിയമസഭ തിരഞ്ഞെടുപ്പിലും ഇടതുപാര്‍ട്ടികള്‍ ഡി.എം.കെ മുന്നണിയിലാണ് മത്സരിക്കുക.30 മുതല്‍ 40 സീറ്റുകള്‍ വരെ ഇതിനായി നീക്കിവയ്ക്കുമെന്നാണ് ഡി.എം.കെ നേതൃത്വം നല്‍കുന്ന സൂചന. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് , മുന്‍പുണ്ടായിരുന്ന ഏക സീറ്റും നഷ്ടമായ തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ്.

39 ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന തമിഴകം, ആര്‍.എസ്.എസിനും ഏറെ പ്രിയപ്പെട്ടതാണ്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ കളത്തിലിറക്കി മത്സരിക്കണമെന്നതാണ് ആര്‍.എസ്.എസ് നിര്‍ദ്ദേശം. ബി.ജെ.പി ഇപ്പോള്‍ ശ്രമിക്കുന്നതും ഈ സഖ്യത്തിന് വേണ്ടിയാണ്. രജനി രൂപീകരിക്കുന്ന രാഷ്ട്രീയ സഖ്യത്തിന്റെ ഭാഗമാകാനാണ് മോദിയും നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതല്ലെങ്കില്‍ രജനിയുടെ പിന്തുണയോടെ മറ്റൊരു മുന്നണി ഉണ്ടാക്കുക എന്നതാണ് തന്ത്രം. ഇതിനു വേണ്ടിയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം ചരട് വലിക്കുന്നത്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് പ്രഖ്യാപിച്ച രജനി, ഇപ്പോഴും സസ്‌പെന്‍സ് തുടരുകയാണ്.

ഡി.എം.കെ സഖ്യം ശക്തമായി നില നില്‍ക്കുന്നതാണ് രജനിയെ പിറകോട്ടടിപ്പിക്കുന്നത്. കോവിഡിന് ശമനം വന്നാല്‍, വീണ്ടും രജനിയുമായി ചര്‍ച്ച നടത്താനാണ് ബി.ജെ.പി നീക്കം. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ,നേരിട്ട് രംഗത്ത് വരാനും സാധ്യത ഏറെയാണ്. ഇതിന് മുന്നോടിയായി, പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ബി.ജെ.പി തമിഴകത്ത് നടത്തി വരുന്നത്. രജനീകാന്തിന്റെ മരുമകന്‍, നടന്‍ ധനുഷിന്റെ പിതാവ് കസ്തൂരിരാജയെ നിര്‍വാഹക സമിതി അംഗമായി നിയമിച്ചിട്ടുണ്ട്. രജനിയെ ‘മെരുക്കുന്നതിന്റെ’ ഭാഗമായാണ് ഈ നിയമനം. സംഗീത സംവിധായകന്‍ ഇളയരാജയുടെ സഹോദരന്‍ ഗംഗൈ അമരന്‍, നടന്മാരായ രാധാരവി, വിജയകുമാര്‍ എന്നിവരും പാര്‍ട്ടി ഓര്‍ഗനൈസര്‍മാരാണ്.

കുപ്രസിദ്ധ വനം കൊള്ളക്കാരന്‍ വീരപ്പന്റെ മകള്‍ വിദ്യാറാണിയാണ്, യുവമോര്‍ച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്. ബി.ജെ.പി യുവജന വിഭാഗം തലപ്പത്തെ ഈ നിയമനം, രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ, ഞെട്ടിച്ചിട്ടുണ്ട്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.ജി രാമചന്ദ്രന്റെ വളര്‍ത്തുമകള്‍ ഗീത, എം.ജി.ആറിന്റെ കൊച്ചുമകന്‍ പ്രവീണ്‍ എന്നിവരെ ബി.ജെ.പി സംസ്ഥാന നിര്‍വ്വാഹ സമിതിയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ നടിമാരായ ഗൗതമി ,നമിത, കുട്ടി പത്മിനി എന്നിവരെ നിര്‍വ്വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. നടി ഗായത്രി രഘുറാമിനാണ് സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതല. ബി.ജെ.പി സംസ്ഥാന ഖജാന്‍ജി എസ്.വി ശേഖറും ഒരു നടനാണ്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്, ഈ പുന:സംഘടനയും നടത്തിയിരിക്കുന്നത്.

കേരളത്തില്‍ പ്രതീക്ഷയില്ലാത്ത ബി.ജെ.പി കേന്ദ്ര നേതൃത്വം, തമിഴകത്താണിപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാഷ്ട്രിയവും സിനിമയും ഇടകലര്‍ന്ന മണ്ണായതിനാല്‍, താരങ്ങളെ ഇറക്കിയാല്‍ ഭരണം പിടിക്കാമെന്നാണ് കണക്ക് കൂട്ടല്‍. നയിക്കാന്‍ ഒടുവില്‍ സൂപ്പര്‍സ്റ്റാര്‍ തന്നെ എത്തുമെന്ന പ്രതീക്ഷയിലാണ് ഈ നീക്കങ്ങളെല്ലാം.

അതേസമയം, ഡി.എം.കെയും ഇടതുപാര്‍ട്ടികളും ശ്രദ്ധാപൂര്‍വ്വമാണിപ്പോള്‍ കരുക്കള്‍ നീക്കുന്നത്. സിനിമാ അഭിനയമല്ല, യഥാര്‍ത്ഥ രാഷ്ട്രീയ പോരാട്ടമാണ് നടക്കാന്‍ പോകുന്നതെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. തമിഴകത്തിന് പുറമെ, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലാണ്, അടുത്ത് തന്നെ ഇനി തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. കേന്ദ്ര സര്‍ക്കാറിനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഈ തിരഞ്ഞെടുപ്പുകള്‍ ഏറെ നിര്‍ണ്ണായകമായിരിക്കും.

Top