‘വേട്ടയാടി വിളയാടുക’ എന്നത് തമിഴകത്ത് വളരെ പോപ്പുലറായ ഒരു ഡയലോഗാണ്. സിനിമയിലായാലും രാഷ്ട്രീയത്തിലായാലും ഇത്തരം ‘വിളയാടലുകള്‍’ നിരവധി കണ്ടിട്ടുമുണ്ട് തമിഴ് ജനത.
‘വിളയാടലിന്റെ’ തീവ്ര രൂപം കാണിച്ച് കൊടുത്തതുതന്നെ മുന്‍ മുഖ്യമന്ത്രി ജയലളിതയാണ്. നിയമസഭയില്‍ തനിക്കുണ്ടായ വസ്ത്രാക്ഷേപത്തിന് കരുണാനിധിയെ അടിവസ്ത്രത്തില്‍ അറസ്റ്റ് ചെയ്യിപ്പിച്ചാണ് അവര്‍ പക വീട്ടിയിരുന്നത്. പൊലീസുകാരുടെ കൈകളില്‍ കിടന്ന് അലറി നിലവിളിക്കുന്ന കരുണാനിധിയുടെ ദൃശ്യങ്ങള്‍ കണ്ടപ്പോയാണ് ജയലളിതയുടെ കലി ശരിക്കും അടങ്ങിയിരുന്നത്.
ഈ ജയലളിതയുമായി കൊമ്പ് കോര്‍ത്ത താരമാണ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്.
1996 ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് രജനി പറഞ്ഞ ഒറ്റ ഡയലോഗാണ് തമിഴകത്തിന്റെ തലവര മാറ്റിയിരുന്നത്.
‘ജയലളിത ഇനിയും മുഖ്യമന്ത്രിയായാല്‍ ദൈവത്തിനു പോലും തമിഴ് നാടിനെ രക്ഷിക്കാനാകില്ലന്നതായിരുന്നു ആ ഡയലോഗ്.
ആ തെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തെ ഞെട്ടിച്ച് ഡി.എം.കെ സഖ്യം തൂത്തുവാരുകയാണുണ്ടായത്.
ഇതുവരെ വരമ്പത്തിരുന്നു കളി കണ്ടിരുന്ന ആ രജനിയിപ്പോള്‍, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഇതിനായി സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് മുന്നണി രൂപീകരിക്കാനാണ് ശ്രമം. ആര്‍.എസ്.എസും ബി.ജെ.പിയുമാണ് രജനിക്ക് പിന്നിലെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. ആത്മീയ രാഷ്ട്രീയമാണ് താന്‍ പിന്‍തുടരുക എന്നാണ് രജനിയും ഇതിനകം തന്നെ വ്യക്തമാക്കിയിരിക്കുന്നത്.
ദ്രാവിഡ മണ്ണില്‍ സ്വന്തം നിലയ്ക്ക് വേരുറപ്പിക്കാന്‍ കഴിയാത്ത ക്ഷീണം രജനിയിലൂടെ പരിഹരിക്കുകയാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ ലക്ഷ്യം.
കേന്ദ്ര സര്‍ക്കാറിനെ വിവാദ വിഷയങ്ങളില്‍ പോലും പിന്തുണയ്ക്കുന്ന നിലപാടാണ് രജനിക്കുള്ളത്. ഏറ്റവും ഒടുവില്‍ പൗരത്വ നിയമ ഭേദഗതിയിലാണ് അദ്ദേഹം മോദി സര്‍ക്കാറിനെ പിന്തുണച്ചിരിക്കുന്നത്.
2021ലെ തിരഞ്ഞെടുപ്പിന് മുന്‍പ് ‘തമിഴക യാത്ര’ നടത്തി തരംഗം സൃഷ്ടിക്കാനാണ് രജനിയുടെ പദ്ധതി.
സിനിമയും രാഷ്ട്രീയവും ഇടകലര്‍ന്ന, തമിഴക രാഷ്ട്രീയത്തിലേക്കുള്ള രജനിയുടെ കടന്നു വരവിനെ പ്രതിപക്ഷവും ആശങ്കയോടെയാണ് ഇപ്പോള്‍ നോക്കികാണുന്നത്.
അണ്ണാ ഡി.എം.കെയുടെ അവസാനത്തെ ഭരണമാണെന്ന് പറയുന്ന ഡി.എം.കെ പോലും രജനിയെ പേടിയോടെയാണ് കാണുന്നത്. തമിഴകത്തെ ഒരേയൊരു സൂപ്പര്‍ സ്റ്റാര്‍ എന്ന രജനിയുടെ ‘പട്ടമാണ്’ ഇവരെ എല്ലാവരെയും ആശങ്കപ്പെടുത്തുന്നത്. അവസാന റൗണ്ടില്‍ രജനി ഓളം സൃഷ്ടിക്കുമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്കുമുണ്ടായിരുന്നത്.
എന്നാല്‍ ഈ കണക്ക് കൂട്ടലുകളെല്ലാം തകര്‍ക്കുന്ന നടപടിയാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
വിജയ് യുടെ ഇമേജ് തകര്‍ക്കാനും പക വീട്ടാനും നടത്തിയ, കസ്റ്റഡിയും റെയ്ഡും തിരിച്ചടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഷൂട്ടിങ് സ്ഥലത്ത് പോയി ദളപതിയെ കസ്റ്റഡിയിലെടുത്തതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഇനി കാവിക്കൂട്ടത്തെ ‘വേട്ടയാടി വിളയാടാന്‍’ പോകുന്നത് ദളപതിയാണ്. അത്രക്കും പക അദ്ദേഹത്തിന് ഇപ്പോഴുണ്ടായിക്കഴിഞ്ഞു.
നോട്ടീസ് നല്‍കി വിളിപ്പിക്കുന്നതിന് പകരം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടിയത് വലിയ സാഹസമാണ്. ഡല്‍ഹിയില്‍ നിന്നും ഇടപെടാതെ അവരൊരിക്കലും ഇങ്ങനെ പെരുമാറാന്‍ സാധ്യതയില്ല. ഇക്കാര്യത്തില്‍ രജനിക്ക് പോലും കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് അഭിനയിച്ച കത്തി, മെര്‍സല്‍, സര്‍ക്കാര്‍ സിനിമകളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുണ്ടായ വിമര്‍ശനമാണ് വേട്ടയാടാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. അതേസമയം, രജനികാന്തിന്റെ രണ്ട് ആദായ നികുതി വകുപ്പ് കേസുകള്‍ അധികൃതര്‍ അവസാനിപ്പിച്ചതും ഇപ്പോള്‍ ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാറിന്റെ വിവേചനപരമായ നടപടിയുടെ ഉദാഹരണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കേന്ദ്രത്തെ വിമര്‍ശിക്കുന്നവരെ വേട്ടയാടും, അനുകൂലിക്കുന്നവരെ സംരക്ഷിക്കും എന്ന കമന്റുകളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രംഗത്ത് വന്ന താരങ്ങളും ഇതോടെ ആശങ്കയിലാണ്. തങ്ങള്‍ക്കെതിരെ പ്രതികാര നടപടിയുണ്ടാകുമോ എന്നതാണ് ഇവരുടെയും ഭയം.
എന്നാല്‍ വിജയ് ഫാന്‍സ് കട്ട കലിപ്പിലാണിപ്പോള്‍. ഇതിന്റെ റിസള്‍ട്ട് തിരഞ്ഞെടുപ്പില്‍ കാണാം എന്നാണ് അവരുടെ മുന്നറിയിപ്പ്.
തമിഴകത്ത് ഓരോ ജില്ലയിലും ലക്ഷക്കണക്കിന് ആരാധകരാണ് ദളപതിക്കുള്ളത്. വിജയ് ഫാന്‍സിന് വ്യക്തമായ സംഘടനാരൂപംതന്നെ സംസ്ഥാനത്തുണ്ട്.
സ്വന്തമായി കൊടിയുള്ള രാജ്യത്തെ ഏക ഫാന്‍സ് അസോസിയേഷനാണിത്. പുതിയ ജനറേഷനിലെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ, വിജയ് യുടെ കടുത്ത ആരാധകരാണ്. ഇതില്‍ വലിയ ഒരു വിഭാഗവും സ്ത്രീകളാണ്. ഈ ആരാധക കരുത്ത് ആര്‍ക്കെതിരെ വിജയ് തിരിച്ചു വിട്ടാലും അത് വലിയ പ്രതിഫലനമാണുണ്ടാക്കുക.
തല്‍ക്കാലം രാഷ്ട്രീയത്തിലേക്ക് ഇല്ലന്ന് തീരുമാനിച്ച വിജയ് തീരുമാനം മാറ്റാനും ഇനി സാധ്യത കൂടുതലാണ്. അതല്ലങ്കില്‍ 96-ല്‍ രജനി പറഞ്ഞത് പോലെ ഒരു മാസ് ഡയലോകെങ്കിലും ദളപതി പറയും. അതെന്തായാലും ബി.ജെ.പിക്കും അണ്ണാ ഡി.എം.കെ ക്കും എതിരായിരിക്കുകയും ചെയ്യും അക്കാര്യം എന്തായാലും ഉറപ്പാണ്.
Express View