ചെന്നൈ: നടന്‍ രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനം ആവശ്യപ്പെട്ട് ആരാധകര്‍ തെരുവില്‍. ചെന്നൈ വള്ളുവര്‍കോട്ടത്താണ് ആരാധകരുടെ പ്രതിഷേധം നടക്കുന്നത്. ഒരു ലക്ഷത്തോളം ആളുകള്‍ സമരത്തിന്റെ ഭാഗമായിട്ടുണ്ട്. അനാരോഗ്യത്തെ തുടര്‍ന്നായിരുന്നു രജനികാന്ത് രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ചത്.
സൂപ്പര്‍താരം രാഷ്ട്രീയപ്രവേശനം ഉപേക്ഷിച്ചെങ്കിലും ആരാധകര്‍ പിന്നോട്ട് പോകാന്‍ തയ്യാറല്ല. പോസ്റ്ററുകളും ബാനറുകളുമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആരാധകര്‍ തെരുവിലിറങ്ങി. രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളും പ്രതിഷേധത്തില്‍ ഒപ്പമുണ്ട്. ഇനിയും ആളുകള്‍ സമരത്തിന്റെ ഭാഗമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത പൊലീസ് സുരക്ഷയിലാണ് വള്ളുവര്‍ കോട്ടം.
പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം വലിയ രീതിയില്‍ പ്രചരണം നടന്നിരുന്നു. പ്രതിഷേധത്തിന് പിന്തുണയുമായി വിജയ്, അജിത് ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളും വള്ളുവര്‍ കോട്ടത്തെത്തി. വള്ളുവര്‍കോട്ടത്തെ പ്രതിഷേധത്തിന് വൈകിട്ട് വരെയാണ് പൊലീസ് അനുമതി നല്‍കിയതെങ്കിലും സമരം നീണ്ടു പോകാനാണ് സാധ്യത.
അതേസമയം, രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ച് നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് രജനികാന്ത്. രാഷ്ട്രീയ പ്രവേശന പ്രഖ്യാപിച്ചതു മുതല്‍ ബൂത്ത് തല പ്രവര്‍ത്തനം സജീവമായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അനാരോഗ്യം മൂലം തീരുമാനത്തില്‍ നിന്ന് രജനി പിന്നോട്ടു പോയത്.