രജനിയുടെ രാഷ്ട്രീയ പ്രവേശനം; ചങ്കിടിപ്പോടെ യന്തിരന്‍ 2 വിന്റെ അണിയറ പ്രവര്‍ത്തകരും . .

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ജൂലൈയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് സഹോദരന്‍ സത്യനാരായണ റവു തന്നെ പ്രഖ്യാപിച്ചിരിക്കെ യന്തിരന്‍ 2 വിന്റെ അണിയറ പ്രവര്‍ത്തകരും ആശങ്കയില്‍.

450 കോടി മുതല്‍ മുടക്കില്‍ പുറത്തിറങ്ങാനിരിക്കുന്ന രജനി – അക്ഷയ കുമാര്‍ ചിത്രം ബാഹുബലിക്കും മേലെയുള്ള വിജയമാണ് ലക്ഷ്യമിടുന്നത്.

കേന്ദ്ര സര്‍ക്കാറിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത്.

ഇന്ത്യക്ക് അകത്തും പുറത്തും റെക്കോര്‍ഡ് തിയറ്ററുകളില്‍ യന്തിരന്‍ 2 പ്രദര്‍ശിപ്പിക്കുവാനുള്ള തിരക്കിട്ട നീക്കങ്ങള്‍ നടന്നുവരികയുമാണ്.

സൂപ്പര്‍ സ്റ്റാറിന്റെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ ഭരണകക്ഷിയായ എഐഎഡിഎംകെയും ചില തമിഴ് സംഘടനകളും രംഗത്ത് വന്ന പശ്ചാത്തലത്തില്‍ യന്തിരന്‍ 2 വിന്റെ റിലീസിങ്ങിനെ പ്രതിഷേധം ബാധിക്കുമോ എന്നതാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ ആശങ്ക.

ഈ സാഹചര്യത്തില്‍ പരസ്പരം ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ രജനി തന്നെ ആരാധകരോട് കര്‍ശനമായി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സോഷ്യല്‍ മീഡിയയിലും തെരുവിലും ഇരു വിഭാഗങ്ങളും പ്രകോപനം തുടരുകയാണ്.

സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന യന്തിരന്‍ 2 രജനിയുടെ താരപരിവേഷത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ സംസ്ഥാന ഭരണകൂടവും രാഷ്ട്രീയ നേതൃത്വങ്ങളും സിനിമക്ക് ‘പാര’യുമായി രംഗത്തിറങ്ങാനുള്ള സാധ്യത രാഷ്ട്രീയ- സിനിമാ നിരീക്ഷകരും തളളിക്കളയുന്നില്ല.

പ്രത്യേകിച്ച് രാഷ്ട്രീയവും സിനിമയും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന തമിഴകത്ത് എന്തും സംഭവിക്കാമെന്നതാണ് നിലവിലെ സ്ഥിതി.

രജനി പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ പാര്‍ട്ടിക്കെതിരെ തമിഴകത്തെ മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശക്തമായ നിലപാടിലാണ്.

തമിഴനല്ലാത്ത രജനി തമിഴ്‌നാട് ഭരിക്കേണ്ടതില്ലെന്ന നിലപാടുമായാണ് ഇവര്‍ രംഗത്ത് വന്നിരിക്കുന്നത്. സംവിധായകനും തമിഴ് സംഘടനയുടെ നേതാവുമായ സീമാനുള്‍പ്പെടെയുളളവര്‍ ഇതിനകം തന്നെ പ്രതിഷേധവുമായി രംഗത്തിറങ്ങി കഴിഞ്ഞു.

രജനി പുതിയ പാര്‍ട്ടിയുണ്ടാക്കുന്നതോടെ തമിഴകം തൂത്തുവാരുമെന്നതാണ് എല്ലാവരെയും ഭയപ്പെടുത്തുന്നത്.

നടന്‍ കമല്‍ ഹാസന്‍ രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ പരോക്ഷമായി വിമര്‍ശിച്ചത് ചില കേന്ദ്രങ്ങളുടെ സമ്മര്‍ദ്ദഫലമായിട്ടാണെന്ന ആരോപണവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.

Top