ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് കരുണാനിധിയെ കാണാന്‍ കാവേരി ആശുപത്രിയിലെത്തി. സിനിമയുടെ ചിത്രീകരണത്തിരക്കില്‍ വിദേശത്തായിരുന്ന രജനി ചൊവ്വാഴ്ച രാത്രി എട്ടേ മുക്കാലോടെയാണ് ആശുപത്രിയിലെത്തിയത്. പതിനഞ്ചു മിനിട്ട് ആശുപത്രിക്കുള്ളില്‍ ചെലവിട്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്.
എന്നാല്‍, കലൈഞ്ജരെ നേരില്‍ കണ്ടോ എന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. കലൈഞ്ജര്‍ ഉറങ്ങുന്നതുകൊണ്ടാണ് കാണാന്‍ കഴിയാത്തതെന്നും രജനി വിശദീകരിച്ചു.
മക്കളായ അഴഗിരി, സ്റ്റാലിന്‍, തമിഴ് അരസന്‍, കനിമൊഴി, സെല്‍വി എന്നിവരുമായി അദ്ദേഹത്തിന്റെ ആരോഗ്യനിലയെ പറ്റി സംസാരിച്ചെന്നും, വളരെ പെട്ടെന്ന് കലൈഞ്ജര്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നേരത്തെ, അഭിനേതാക്കളായ ഖുഷ്ബു, അംബിക, വിജയകുമാര്‍ തുടങ്ങിയവരും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള വിവിധ രാഷ്ട്രീയ നേതാക്കളും ആശുപത്രിയില്‍ എത്തി കരുണാനിധിയെ കണ്ടിരുന്നു.