രജപക്‌സെ സഹോദരങ്ങളുടെ യാത്രാവിലക്ക് നീട്ടി

ശ്രീലങ്ക: മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ, മുന്‍ ധനമന്ത്രി ബേസില്‍ രാജപക്സെ എന്നിവരുടെ വിദേശ യാത്രാവിലക്ക് ആഗസ്റ്റ് രണ്ട് വരെ നീട്ടി. മുന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അജിത് നിവാര്‍ഡ് കബ്രാളിനെയും രാജ്യം വിടുന്നതില്‍ നിന്ന് സുപ്രീംകോടതി വിലക്കിയിട്ടുണ്ട്. ഇന്ന് വിലക്ക് അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ശ്രീലങ്കയില്‍ രജപക്‌സെ സഹോദരങ്ങള്‍ക്ക് വീണ്ടും ഒരു തിരിച്ചടിയാണിത്. ഈ മാസം ആദ്യം കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ബേസിലിനെ തടഞ്ഞിരുന്നു. യാത്രക്കാരുടെയും ഉദ്യോഗസ്ഥരുടെയും പ്രതിഷേധത്തെത്തുടര്‍ന്നാണ് ശ്രീലങ്ക വിടാനുള്ള ശ്രമം പരാജയപ്പെട്ടത്. ഇതിനിടെ ജനകീയ പ്രക്ഷോഭത്തില്‍ നിന്ന് രക്ഷപ്പെടാന്‍ രാജ്യം വിട്ട മഹിന്ദയും ഗോതബയ രാജപക്സെയും മാലിദ്വീപില്‍ നിന്നും ജൂലൈ 14 ന് സിംഗപ്പൂരിലെത്തിയിരുന്നു.

രജപക്സെയ്ക്ക് സിംഗപ്പൂര്‍ പുതിയ വിസ അനുവദിച്ചു. അദ്ദേഹത്തിന്റെ സന്ദര്‍ശക വിസ ഓഗസ്റ്റ് 11 വരെ നീട്ടിയെന്നാണ് വിവരം. സിലോണ്‍ ചേംബര്‍ ഓഫ് കൊമേഴ്സ് മുന്‍ ചെയര്‍മാന്‍ ചന്ദ്ര ജയരത്നെ, മുന്‍ ശ്രീലങ്കന്‍ നീന്തല്‍ ചാമ്പ്യന്‍ ജൂലിയന്‍ ബോളിംഗ്, ജഹാന്‍ കനഗരത്ന, ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ശ്രീലങ്ക എന്നിവരടങ്ങിയ സംഘമാണ് ഇവര്‍ക്കെതിരെ ഹര്‍ജി നല്‍കിയതെന്ന് കൊളംബോ ഗസറ്റ് വാര്‍ത്താ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീലങ്കയുടെ വിദേശ കടബാധ്യതയ്ക്കും നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കും ഇവര്‍ നേരിട്ട് ഉത്തരവാദികളാണെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.

Top