വിജയ് ഹസാരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിനെതിരേ രാജസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍

സൗരാഷ്ട്ര: വിജയ് ഹസാരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിനെതിരേ രാജസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍. മഹിപാല്‍ ലോംററിന്റെ സെഞ്ച്വറിക്കരുത്തില്‍ (114 പന്തില്‍നിന്ന് 122 റണ്‍സ്) 267 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. എട്ടു വിക്കറ്റുകളും വീണു. നേരത്തേ ടോസ് നേടിയ കേരളം രാജസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ജയിച്ച് സെമി ഫൈനല്‍ പ്രവേശം സാധ്യമാക്കാനാണ് കേരളത്തിന്റെ ശ്രമം. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇന്നിറങ്ങിയത്. പകരം രോഹന്‍ എസ്. കുന്നുമ്മലാണ് കേരളത്തെ നയിച്ചത്. കഴിഞ്ഞ കളിയില്‍നിന്ന് ഈ മാറ്റം മാത്രമാണ് കേരളം വരുത്തിയത്.പ്രീക്വാര്‍ട്ടറില്‍ മഹാരാഷ്ട്രയ്ക്കെതിരേ വന്‍ ജയം നേടിയാണ് കേരളം വമ്പന്മാരായ രാജസ്ഥാനെ നേരിടാനെത്തിയത്. മഹാരാഷ്ട്രയ്ക്കെതിരേ ഓപ്പണര്‍മാരായ കൃഷ്ണപ്രസാദും (144 റണ്‍സ്) രോഹന്‍ കുന്നുമ്മലും (120 റണ്‍സ്) നേടിയ തകര്‍പ്പന്‍ സെഞ്ച്വറി ബലത്തില്‍ 383 റണ്‍സെടുത്തിരുന്നു. മറുപടിയായി 230 റണ്‍സെടുക്കാനേ മഹാരാഷ്ട്രയ്ക്കായുള്ളൂ.

കേരളത്തിനുവേണ്ടി അഖിന്‍ സത്താര്‍ മൂന്ന് വിക്കറ്റുകള്‍ നേടി. ബേസില്‍ തമ്പി രണ്ടും അഖില്‍ സ്‌കറിയ, വൈശാഖ് ചന്ദ്രന്‍, ശ്രേയസ്സ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. രാജസ്ഥാനുവേണ്ടി 66 റണ്‍സെടുത്ത് വിക്കറ്റ് കീപ്പര്‍ കുനാല്‍ സിങ് റാത്തോറും തിളങ്ങി.

Top