മധ്യപ്രദേശിലെ ഗതിവരുമോ ഗുജറാത്ത് കോണ്‍ഗ്രസിന്?

രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന് കോണ്‍ഗ്രസ് ഒരു ചുമതല കൂടി ഏല്‍പ്പിച്ച മട്ടാണ്. മധ്യപ്രദേശിലെ കോണ്‍ഗ്രസിന് സംഭവിച്ച ദുര്യോഗം ഗുജറാത്ത് കോണ്‍ഗ്രസിന് സംഭവിക്കാതിരിക്കാന്‍ പൈലറ്റിനെ മാത്രമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഇപ്പോള്‍ വിശ്വാസം. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഗുജറാത്തിലെ എംഎല്‍എമാര്‍ വഴിതെറ്റി പോകാതിരിക്കാനാണ് സച്ചിന്‍ പൈലറ്റിനെ അയച്ചിരിക്കുന്നത്.

ഗുജറാത്തിലെ 68 എംഎല്‍എമാരില്‍ 67 പേരെയും രാജസ്ഥാന്‍ തലസ്ഥാനത്തെ ഹോട്ടലിലേക്ക് സ്ഥലംമാറ്റി സംരക്ഷിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിലവില്‍ രാജിവെച്ചിട്ടുണ്ട്. ഇവരെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഗുജറാത്ത് നിയമസഭയില്‍ പാര്‍ട്ടിക്ക് യഥാര്‍ത്ഥത്തില്‍ 73 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്.

ഇതിനിടെ മറ്റൊരു എംഎല്‍എ കൂടി ഫോണ്‍ ഓഫാക്കി നേതൃത്വത്തിന്റെ പിടിയില്‍ നിന്നും വഴുതി. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിയ ജ്യോതിരാദിത്യ സിന്ധ്യ 22 പാര്‍ട്ടി എംഎല്‍എമാര്‍ക്കൊപ്പം രാജിവെച്ചതിന്റെ ക്ഷീണം അകറ്റാനാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ സച്ചിന്‍ പൈലറ്റിനെ ഇടപെടുത്തുന്നത്. മധ്യപ്രദേശിലെ വിമതനീക്കം കോണ്‍ഗ്രസിന് ഒരു രാജ്യസഭാ സീറ്റാണ് നഷ്ടമാക്കിയത്.

രാഹുലിന്റെ ടീമിലെ ശക്തരായി ഒരുമിച്ച് നിന്നവരാണ് സിന്ധ്യയും, പൈലറ്റും. ഇവരുടെ മേന്മയിലാണ് കോണ്‍ഗ്രസ് ബിജെപിയില്‍ നിന്നും മധ്യപ്രദേശും, രാജസ്ഥാനും പിടിച്ചത്. ഇരുവരെയും മുഖ്യമന്ത്രി കസേര നല്‍കാതെ വയസ്സായ നേതാക്കളെ നേതൃത്വം വിശ്വസിക്കുകയും ചെയ്തു. സിന്ധ്യ പോയതോടെ സംസ്ഥാനത്ത് അസ്വസ്ഥതയില്‍ നില്‍ക്കുന്ന പൈലറ്റിലേക്ക് ശ്രദ്ധമാറി.

ഇതിനിടെയാണ് അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ച് ഗുജറാത്തില്‍ കലാപത്തിന് തുടക്കമിട്ടത്. ഇതോടെ ഗുജറാത്തില്‍ ഒഴിവുള്ള നാല് രാജ്യസഭാ സീറ്റില്‍ ഒന്നില്‍ കൂടുതല്‍ എണ്ണത്തില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് ഉറപ്പായി. രാജസ്ഥാനില്‍ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടാല്‍ അതിന് ആണിയാകാന്‍ ഇടയുള്ള സച്ചിന്‍ പൈലറ്റിനെ ഗുജറാത്തില്‍ ഇടപെടുത്തി നേതാവിനെ അനുനയിപ്പിച്ച് നിര്‍ത്തുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തന്ത്രം. ഇതിനെല്ലാം പുറമെ തങ്ങളുടെ എംഎല്‍മാര്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്.

Top