രാജസ്ഥാനിൽ . . . ശതകോടീശ്വരനോട് ഏറ്റുമുട്ടുന്നത് ദരിദ്രനായ ഒരു കമ്മ്യൂണിസ്റ്റ്‌

രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരികൊണ്ടിരിക്കെ ശ്രദ്ധേയമാകുന്ന ഒരു മണ്ഡലമുണ്ട്, രാജസ്ഥാനിലെ ധോദ് നിയോജക മണ്ഡലം. ഇവിടെ ദരിദ്രനും ധനികനും തമ്മിലാണ് പ്രധാന പോരാട്ടം.

കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ശതകോടീശ്വരനായ പരസ് റാം മൊറാദിയയെ നേരിടുന്നത് വിശക്കുന്ന വയറിന്റെ വേദന അറിയുന്ന പെമാറാം എന്ന കമ്മ്യൂണിസ്റ്റ് ആണ്. പരസ് റാമിന്റെ കരുത്ത് പണമാണെങ്കില്‍ പെമാറാമിന്റെ കരുത്ത് ചെങ്കൊടിയാണ്.

സി.പി.എം കര്‍ഷക വിഭാഗമായ കിസാന്‍ സഭയുടെ ശക്തമായ പോരാട്ടത്തിന്റെ ഭാഗമായി 40 ലക്ഷത്തിലധികം കര്‍ഷകരുടെ 50,000 രൂപ വരെയുള്ള കടം എഴുതി തള്ളിച്ചതാണ് പെമാറാമിന്റെ ആത്മവിശ്വാസം.

ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷക സമരത്തിന് വഴങ്ങില്ലെന്നും ചെങ്കൊടി പ്രസ്ഥാനത്തിന് രാജസ്ഥാനിലെ മണ്ണില്‍ സ്ഥാനമില്ലെന്നും പ്രഖ്യാപിച്ചിട്ടും പതിനായിരങ്ങളെ തെരുവിലിറക്കിയ ഐതിഹാസിക സമരത്തിനു മുന്നില്‍ വസുന്ധര രാജ സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വന്നിരുന്നു. ഈ സമരത്തിന്റെ മുന്നണി പോരാളികളില്‍ ഒരാളായിരുന്നു കര്‍ഷകനായ പെമാറാം.

2008-ല്‍ ധോദില്‍ നിന്നും പരസ് റാമിനെ തോല്‍പ്പിച്ച് എം.എല്‍.എ ആയി കോണ്‍ഗ്രസ്സ് – ബി.ജെ.പി നേതാക്കളെ ഞെട്ടിച്ച പെമാറാം 2013ല്‍ പരാജയപ്പെട്ടത് മണ്ഡലത്തില്‍ ചെങ്കൊടി പാറരുത് എന്ന് ഉറപ്പിച്ച് കോണ്‍ഗ്രസ്സിന് ബി.ജെ.പി വോട്ട് ചെയ്തതിനാലായിരുന്നു.

ശത്രുക്കള്‍ ഒന്നിച്ച് പരാജയപ്പെടുത്തിയപ്പോഴും ഈ കര്‍ഷകന്‍ തളര്‍ന്നില്ല. കഴിഞ്ഞ 5 വര്‍ഷവും ഇവിടെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.

ഒരാവശ്യത്തിന് തന്റെ മുന്നില്‍ വരുന്നത് കുട്ടികള്‍ ആണെങ്കിലും അവര്‍ക്കൊപ്പം നില്‍ക്കും. തെരുവോരത്ത് കിടക്കും, ചുട്ടുപൊള്ളുന്ന വെയിലില്‍ എത്ര കിലോമീറ്റര്‍ നടക്കാനും പെമാറിന് മടിയില്ല. വെറും കര്‍ഷകനല്ല, ബിരുദാനന്തര ബിരുദധാരിയായ കര്‍ഷകനാണ് ഈ കമ്യൂണിസ്റ്റ്.

pemaram

രാവിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നതിനു മുന്‍പ് കന്നുകാലികള്‍ക്ക് കാലിത്തീറ്റ കലക്കി കൊടുക്കുന്ന പെമാറിന്റെ ചിത്രം രാജസ്ഥാനിലെ പ്രമുഖ മാധ്യമമായ ദൈനിക് ഭാസ്‌കര്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.

2013ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക സമര്‍പ്പിക്കാന്‍ പണമില്ലാതിരുന്ന പെമാറിന് സ്വീകരണ യോഗങ്ങളില്‍ പുഷ്പഹാരങ്ങള്‍ക്ക് പകരം നാണയ തുട്ടുകളും നോട്ടുകളും നല്‍കി ഗ്രാമത്തിലെ ജനങ്ങളാണ് സഹായിച്ചിരുന്നത്.

ഇത്തവണയും ജനങ്ങളെ പെമാറാം ഓര്‍മ്മിപ്പിക്കുന്നത് ഇതാണ് ”കമ്യൂണിസ്റ്റുകള്‍ക്ക് ജനസേവനത്തിനും അവകാശ സമരങ്ങള്‍ക്കും അധികാരത്തിന്റെ ആവശ്യമില്ല , എന്നാല്‍ ഒരു സി.പി.എം എം.എല്‍.എയെങ്കിലും വിധാന്‍ സഭയില്‍ ഉണ്ടെങ്കില്‍ ബി.ജെ.പിക്കോ കോണ്‍ഗ്രസ്സിനോ ജനദ്രോഹനയങ്ങളുമായി മുന്നോട്ട് പോകാനാകില്ല ‘ ഈ വാക്കുകളാണിപ്പോള്‍ ഗ്രാമവാസികള്‍ നെഞ്ചേറ്റിയിരിക്കുന്നത്.

സി.പി.എമ്മിനെ സംബന്ധിച്ച് ശക്തമായ സംഘടനാ സംവിധാനമില്ലാത്ത ഒരു പ്രതീക്ഷയും ഇല്ലാതിരുന്ന സംസ്ഥാനമായ രാജസ്ഥാനില്‍ ഇപ്പോള്‍ പക്ഷെ ചില പുതിയ പ്രതീക്ഷകളൊക്കെ നല്‍കുന്നുണ്ട്.

കര്‍ഷക സമരം വിജയിച്ചതും കോളേജ്‌ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ നേട്ടമുണ്ടാക്കിയതും പ്രതീക്ഷയോടെയാണ് പാര്‍ട്ടി നേതൃത്വം കാണുന്നത്.

farmers rajasthan

തിരഞ്ഞെടുപ്പ് നടക്കുന്ന 200 സീറ്റിലും സി.പി.എം, സി.പി.ഐ, സി.പി.ഐ എം എല്‍, സമാജ് വാദി പാര്‍ട്ടി, രാഷ്ട്രീയ ലോക ദള്‍, ജനതാദള്‍ സെക്കുലര്‍ തുടങ്ങിയ പാര്‍ട്ടികള്‍ ഉള്‍പ്പെട്ടെ ലോക് താന്ത്രിക് മോര്‍ച്ച സഖ്യം ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും മിക്ക മണ്ഡലങ്ങളിലും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

റിപ്പോര്‍ട്ട് : അഡ്വ. മനീഷ രാധാകൃഷ്ണന്‍

Top