രാജസ്ഥാനില്‍ വിതച്ചത് ചെമ്പടയാണെങ്കില്‍ കൊയ്തത് കോണ്‍ഗ്രസ്സ് ആണെന്നതാണ് സത്യം.
വസുന്ധര രാജസിന്ധ്യ സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഐതിഹാസികമായ സമരമാണ് ഇവിടെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടന്നത്.
ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളെ അതിജീവിച്ച് നടത്തിയ ഈ കര്‍ഷക മുന്നേറ്റത്തില്‍ ഭയന്ന് കര്‍ഷകരുടെ കടം എഴുതിതള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായിരുന്നു.
സി.പി.എമ്മിന്റെ കര്‍ഷക വിഭാഗമായ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്ര മോഡലില്‍ ശക്തമായ സമര പരമ്പരയാണ് രാജസ്ഥാനിലും അരങ്ങേറിയത്.
കേവലം തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ടല്ല ഇവിടെ കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും കിസാന്‍സഭ സംഘടിപ്പിച്ചത്. ആത്മഹത്യയുടെ വക്കിലായ ഈ വിഭാഗത്തിന്റെ ജീവന്‍ മുന്‍ നിര്‍ത്തിയായിരുന്നു പോരാട്ടം.
കിസാന്‍ സഭ എന്ന സംഘടന സി.പി.എമ്മിന്റെ കര്‍ഷക സംഘടനയാണെന്ന് പോലും അറിയാത്ത ലക്ഷങ്ങള്‍ ഇപ്പോഴും രാജസ്ഥാനില്‍ ഉണ്ട്.
ഇവിടെയാണ് സി.പി.എമ്മിനെ സമ്മതിച്ച് കൊടുക്കേണ്ടത്. കിസാന്‍ സഭ ഉള്‍പ്പെടെയുള്ള വര്‍ഗ്ഗ ബഹുജന സംഘടനകളെ പാര്‍ട്ടി ഓഫീസുകളില്‍ തളച്ചിടാതെ സ്വതന്ത്ര ചുമതല നല്‍കുന്ന സംഘടനാ രീതിയാണ് സി.പി.എമ്മിന്റേത്.
കര്‍ഷക വിഭാഗമായ കിസാന്‍ സഭക്ക് മാത്രമല്ല, ട്രേഡ് യൂണിയന്‍ സംഘടനയായ സി.ഐ.ടി യുവിനും വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ ക്കും സി.പി.എമ്മിന് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ വേരുറപ്പിക്കാന്‍ കഴിയുന്നതും ഈ സ്വാതന്ത്ര്യം സി.പി.എം നല്‍കിയതു കൊണ്ടു മാത്രമാണ്.
കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും അവരുടെ പോഷക സംഘടനകള്‍ വാലായി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ സി.പി.എമ്മിനെ സംബന്ധിച്ച് വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്ക് സംഘടനാ ഭരണഘടനയില്‍ തന്നെ സ്വാതന്ത്ര പ്രവര്‍ത്തനം വിഭാവനം ചെയ്യുന്നുണ്ട്.
സി.പി.എം അംഗങ്ങളായവരുടെ ഫ്രാങ്ക്ഷന്‍ വിളിച്ചു ചേര്‍ത്താണ് വര്‍ഗ്ഗ ബഹുജന സംഘടനകളില്‍ പാര്‍ട്ടി തീരുമാനം സി.പി.എം നേതൃത്വം അറിയിക്കാറുള്ളത്.
സംഘടനാപരമായി സി.പി.എമ്മിന് രാജസ്ഥാനിലുള്ള പരിമിതിയാണ് ഇവിടെ കോണ്‍ഗ്രസ്സിന് ഒരു പരിധി വരെ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണമായിരിക്കുന്നത്.
ജനകീയ വിഷയം മുന്‍ നിര്‍ത്തി കാര്യമായി ഒരു പ്രക്ഷോഭവും നടത്താതിരുന്ന കോണ്‍ഗ്രസ്സിന് സംസ്ഥാനത്തുള്ള പാര്‍ട്ടി സംവിധാനം ഉപയോഗിച്ച് ഈ വികാരം അനുകൂലമാക്കി മാറ്റാന്‍ കഴിഞ്ഞതാണ് വിജയത്തില്‍ നിര്‍ണ്ണായകമായത്.
മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയ അവസ്ഥയായി രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് വിജയത്തെ താരതമ്യപ്പെടുത്താവുന്നതാണ്.
സി.പി.എം കര്‍ഷക സംഘടനയുടെ പോരാട്ട വീര്യം കണ്ട് മണ്ണില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ സാക്ഷാല്‍ രാഹുല്‍ ഗാന്ധിക്ക് തന്നെ അണികളെ ഓര്‍മ്മിപ്പിക്കേണ്ടി വന്നു.
രാജസ്ഥാനില്‍ മാത്രമല്ല ഡല്‍ഹിയുടെ രാജവീഥികളെയും ചുവപ്പണിയിച്ച് നീങ്ങിയ കര്‍ഷകരെ അഭിവാദ്യം ചെയ്യാനും രാഹുല്‍ ഗാന്ധി നേരിട്ട് രംഗത്ത് വരികയുണ്ടായി.
എന്തുകൊണ്ടാണ് ഈ കര്‍ഷകര്‍ കോണ്‍ഗ്രസ്സിന്റെ ത്രിവര്‍ണ്ണ പതാക പിടിക്കാതെ ചെങ്കൊടി പിടിച്ചതെന്നത് രാഹുല്‍ പോലും ഒരു പക്ഷേ ചിന്തിച്ചിട്ടുണ്ടാകും.
പ്രതിഷേധ തീ നാളങ്ങളെ വലിയ രൂപത്തില്‍ വോട്ടാക്കി മാറ്റുന്നതിന് സി.പി.എമ്മിന് രാജസ്ഥാനില്‍ തടസ്സമായത് സംഘടനാപരമായ ദൗര്‍ബല്യമാണ്. ഈ പരിമിതി മറികടന്നാല്‍ ഹിന്ദി ബെല്‍റ്റില്‍ അത്ഭുതങ്ങള്‍ കാഴ്ചവയ്ക്കാന്‍ ചെങ്കൊടി ക്ക് കഴിയുമെന്ന് തന്നെയാണ് രാജസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
പാവങ്ങളുടെ വോട്ട് പണം കൊടുത്തും ജാതിയും മതവും പറഞ്ഞും തട്ടിയെടുക്കുന്ന പരമ്പരാഗത രീതി ഒറ്റയടിക്ക് പൊളിച്ചടുക്കാന്‍ കഴിയില്ലങ്കിലും കര്‍ഷകര്‍ നിര്‍ണ്ണായകമായ നാട്ടില്‍ അധികം വിദൂരമല്ലാതെ തന്നെ ആ ലക്ഷ്യം ചെമ്പടക്ക് സാധ്യമാകുമെന്ന് തന്നെ കരുതുന്നവരാണ് രാജസ്ഥാനിലെ കര്‍ഷക നേതൃത്വം.
ബി.ജെ.പി സര്‍ക്കാറിന്റെ ഭരണത്തില്‍ ദുരിതമനുഭവിച്ച കര്‍ഷകര്‍ അടക്കമുള്ള ജനവിഭാഗങ്ങളോട് തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാക്കുമെന്ന കോണ്‍ഗ്രസ്സ് വാഗ്ദാനവും അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തു.
ഒറ്റയടിക്ക് കമ്യൂണിസ്റ്റുകള്‍ നേതൃത്വം നല്‍കുന്ന ഒരു സംവിധാനത്തിന് രാജസ്ഥാനില്‍ അധികാരത്തില്‍ കയറാന്‍ കഴിയില്ല എന്ന വിലയിരുത്തലും മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ്സിന് ഇവിടെ അനുകൂലമായ ഘടകമാണ്.
സംഘടനാ സംവിധാനം ശക്തിപ്പെടുത്തി പൊരുതിയാല്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ വിജയം നേടാന്‍ സി.പി.എമ്മിന് ഇപ്പോള്‍ വിജയിച്ച രണ്ട് സീറ്റുകള്‍ കരുത്ത് നല്‍കും.
രാജസ്ഥാന്‍ നിയമസഭയില്‍ ചെങ്കൊടി പിടിച്ച ഒരു സഖാവ് മതിയാകും മറ്റു 198 പേരെ നേരിടാനും ജനവിരുദ്ധ നിലപാടുകളെ തിരുത്തിക്കാനുമെന്നാണ് സി.പി.എം നേതാക്കള്‍ പ്രചരണ യോഗങ്ങളില്‍ പ്രസംഗിച്ചത്. ആ ദൗത്യം ഇപ്പോള്‍ രാജസ്ഥാന്‍ ജനത സിപിഎമ്മിനെ ഏല്‍പ്പിച്ചിരിക്കുകയാണ്.
ജാതി- മത ശക്തികള്‍ക്ക് ശക്തമായ വളക്കൂറുള്ള രാജസ്ഥാന്‍ മണ്ണില്‍ ഈ തിരഞ്ഞെടുപ്പില്‍ ഒരു തരി കനല്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതില്‍ തീര്‍ച്ചയായും സി.പി.എമ്മിനും കിസാന്‍ സഭക്കും അഭിമാനിക്കാം. ആ കനല്‍ മതി ഇനി രാജസ്ഥാന്‍ മുഴുവന്‍ ചുവപ്പ് രാഷ്ട്രീയത്തിന് ആളിക്കത്താനെന്ന വലിയ മുന്നറിയിപ്പ് കൂടിയാണിത്.
ചുവപ്പ് രാഷ്ട്രീയത്തിന് ഒരു സ്വാധീനവും ഇല്ലാതിരുന്ന രാജസ്ഥാനില്‍ നിന്നും രണ്ടു സീറ്റുകള്‍ സിപിഎം നേടിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.
കിസാന്‍ സഭയുടെ പ്രക്ഷോഭത്തെത്തുടര്‍ന്ന് 50000 രൂപയുടെ കടമെഴുതി തള്ളാന്‍ ബിജെപി സര്‍ക്കാര്‍ നിര്‍ബന്ധിതമായിരുന്നു. ഇത് സിപിഎം വലിയ വിജയമായാണ് ആഘോഷിച്ചിരുന്നത്. 2008ലെ സീറ്റുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം വോട്ടിംഗ് ശതമാനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാനും സിപിഎമ്മിന് കഴിഞ്ഞു.
ഇപ്പോള്‍ ദുംഗര്‍ഗഡ്, ഭദ്ര മണ്ഡലങ്ങളില്‍ 20,000ത്തിലധികം വോട്ടുകളുടെ തകര്‍പ്പന്‍ ഭൂരിപക്ഷത്തിലാണ് സിപിഐ എം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരിക്കുന്നത്. ധോദ്, ദന്താറാംഗഡ്, റായ്‌സിംഗ് നഗര്‍ എന്നിവിടങ്ങളില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും അര ലക്ഷത്തിലധികം വോട്ടുകള്‍ നേടി സിപിഎം സ്ഥാനാര്‍ത്ഥികള്‍ എതിരാളികളെ ഞെട്ടിച്ചിരിക്കുകയാണ്.