ജെയ്പൂര്‍: ബ്രിട്ടീഷ് സര്‍ക്കാരിന് വീര്‍ സവര്‍ക്കര്‍ എഴുതി നല്‍കിയ മാപ്പപേക്ഷ വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്യ ചരിത്ര പാഠഭാഗത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ സിലബസ് റിവിഷന്‍ കമ്മിറ്റി രാജസ്ഥാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഈ നിര്‍ദ്ദേശം അംഗീകരിക്കുമെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തെ പാഠപുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ച പാഠഭാഗങ്ങള്‍ ഭൂരിഭാഗവും എടുത്തുകളഞ്ഞാണ് പുതിയവ ഉള്‍ക്കൊള്ളിക്കുന്നത്.പത്താം ക്ലാസിലെ സാമൂഹ്യപാഠ പുസ്തകത്തിലാണ് മാറ്റങ്ങള്‍.
കൂടാതെ സവര്‍ക്കറിന്റെ പേരിന് മുന്നിലെ ‘വീര്‍’ എന്ന പദം ഒഴിവാക്കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത് സവര്‍ക്കറാണെന്നും 1910 ല്‍ ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്ത സവര്‍ക്കര്‍ തന്റെ 50 വര്‍ഷത്തെ ജയില്‍ ശിക്ഷ ഇളവ് ചെയ്ത് കിട്ടാന്‍ മാപ്പപേക്ഷിച്ചതും പാഠത്തില്‍ ഉണ്ടാകും.
രാജഭരണ കാലത്ത് യുദ്ധാനന്തരം തോല്‍ക്കുന്ന വിഭാഗത്തിലെ സ്ത്രീകള്‍ കൂട്ടമായി ആത്മാഹൂതി ചെയ്യുന്ന ജോഹര്‍ ചടങ്ങുമായി ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യും. ഇതൊരു സാധാരണ നടപടിക്രമമാണെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കിയത്. അതേസമയം ജോഹറിനെ സതിയോട് ഉപമിച്ച് പാഠഭാഗങ്ങളില്‍ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനം രാജസ്ഥാനിലെ രജപുത് സമുദായംങ്ങളുടെ അനിഷ്ടത്തിനിടയാക്കിയിട്ടുണ്ട്.