ജയ്പൂര്‍: ഒരു പ്രീ-വെഡ്ഡിങ് വീഡിയോ കൊണ്ട് പൊല്ലാപ്പിലായിരിക്കുകയാണ് രാജസ്ഥാനിലെ പൊലീസ് ഉദ്യോഗസ്ഥനായ ധന്‍പഥ്. പോലീസ് വേഷത്തില്‍ വീഡിയോയില്‍ അഭിനയിച്ച ധന്‍പഥ് ഭാവിവധുവില്‍നിന്ന് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണ് വിവാദത്തിന് കാരണമായത്. ചിത്രീകരണവും വിവാഹവുമെല്ലാം കഴിഞ്ഞെങ്കിലും ഈ വീഡിയോ യൂട്യൂബില്‍ അപ് ലോഡ് ചെയ്തതോടെ രാജസ്ഥാന്‍ പോലീസിന് ഒന്നാകെ നാണക്കേടാവുകയായിരുന്നു.
https://www.youtube.com/watch?v=MotKP9Up-xE
രാജസ്ഥാനിലെ ഉദയ്പുര്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥനാണ് ധന്‍പഥ്. ധന്‍പഥിന്റെ ഭാര്യ കിരണ്‍ ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടറില്‍ വരികയും തുടര്‍ന്ന് പോലീസ് പരിശോധനയ്ക്കിടെ ഇന്‍സ്പെക്ടറായ ധന്‍പഥിന് കൈക്കൂലി നല്‍കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനിടെ, ധന്‍പഥിന്റെ പേഴ്സ് കിരണ്‍ എടുക്കുകയും പിന്നീട് അതുതിരിച്ചുനല്‍കുന്നതും വീഡിയോയിലുണ്ട്. പശ്ചാത്തലത്തില്‍ നല്ല കിടിലന്‍ പാട്ടുകളും.
യൂണിഫോമിലുള്ള പൊലീസുകാരന്റെ പോക്കറ്റടിക്കുന്നതും കൈക്കൂലിപ്പണം നല്‍കുന്നതും ചിത്രീകരിച്ചതാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. ഇതിലൂടെ യുവാവ് പൊലീസ് യൂണിഫോം ദുരുപയോഗം ചെയ്തുവെന്നും ഡിപ്പാര്‍ട്ട്‌മെന്റിനെ അപമാനിച്ചുവെന്നുമാണ് സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥരുടെ വാദം. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് പൊലീസുകാരന് നോട്ടീസും നല്‍കിയിട്ടുണ്ട്. ഏതായാലും യൂണിഫോമില്‍ പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ട് ചെയ്യരുതെന്ന നിര്‍ദ്ദേശം എല്ലാവര്‍ക്കും നല്‍കിയതായി പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു