പനാജി: ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കും കാത്തിരിപ്പിനും ഒടുവില്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ തിങ്കളാഴ്ച വിവാഹിതനായിരുന്നു. മോഡലും സ്പോര്‍ട്സ് അവതാരകയുമായ സഞ്ജന ഗണേശനാണ് വധു. ഗോവയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് വിവാഹം നടന്നത്.
സമൂഹ മാധ്യമങ്ങളിൽ ബുംറ ഇക്കാര്യം പങ്കുവെച്ചതോടെ നിരവധിയാളുകളാണ് ദമ്പതികള്‍ക്ക് ആശംസയറിയിച്ച് രംഗത്തെത്തിയത്. എന്നാല്‍ ഇക്കൂട്ടത്തില്‍ ഏറ്റവും രസകരമായ ആശംസ ഐ.പി.എല്‍ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നായിരുന്നു.
‘അഭിനന്ദനങ്ങള്‍, ഏപ്രില്‍ – മേയ് മാസങ്ങളില്‍ മാലദ്വീപ് അടിപൊളിയാണെന്നാണ് കേള്‍ക്കുന്നത്” എന്നായിരുന്നു രാജസ്ഥാന്‍ ദമ്പതികള്‍ക്ക് ആശംസയറിയിച്ച് ട്വിറ്ററില്‍ കുറിച്ചത്. ഐ.പി.എല്‍ നടക്കുന്ന മാസങ്ങളില്‍ മധുവിധുവിന്റെ പേരില്‍ ബുംറയെ മാറ്റിനിര്‍ത്താനുള്ള രാജസ്ഥാന്റെ ആശയം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.മുന്‍പും രസകരമായ പോസ്റ്റുകളുടെ പേരില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്.