രാജസ്ഥാനില്‍ ഓഗസ്റ്റ് 17ന് വിശ്വാസ വോട്ടെടുപ്പ് നടന്നേക്കുമെന്ന്

ജയ്പൂര്‍: രാജസ്ഥാനില്‍ ഓഗസ്റ്റ് 17ന് വിശ്വാസ വോട്ട് നടന്നേക്കുമെന്ന് അശോക് ഗെലോട്ട്. എന്നാല്‍ പരസ്യമായി ഇക്കാര്യം തീരുമാനിച്ചിട്ടില്ല. വിമതരെല്ലാം വിശ്വാസ വോട്ടിനായി തിരിച്ചെത്തുമെന്നാണ് വ്യക്തമാകുന്നത്.

കഴിഞ്ഞ ദിവസം സച്ചിന്‍ പൈലറ്റ് ക്യാമ്പിലെ എംഎല്‍എമാരും വോട്ടെടുപ്പിനായി നിയമസഭയില്‍ എത്തുമെന്ന് പറഞ്ഞിരുന്നു. എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കിയത് കൊണ്ട് അത് ലംഘിക്കാനുമാവില്ല. പാര്‍ട്ടി നിര്‍ദേശം ലംഘിച്ചാല്‍ അത് അയോഗ്യതയ്ക്ക് കാരണമാകും. ഈ ആത്മവിശ്വാസമുള്ളത് കൊണ്ടാണ് വിശ്വാസ വോട്ട് 17ന് നടത്താന്‍ തന്നെ ഗെലോട്ട് തീരുമാനിച്ചത്. ഓഗസ്റ്റ് 17 വരെ എംഎല്‍എമാര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് ഗെലോട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം എംഎല്‍എമാരെ ജയ്പൂരിലെ റിസോര്‍ട്ടില്‍ നിന്ന് മാറ്റുകയാണ്. ഇവരെ ജയ്സാല്‍മീറിലേക്കാണ് കൊണ്ടുപോകുന്നത്. ഓഗസ്റ്റ് 14ന് നിയമസഭാ സമ്മേളനം നടക്കുന്നുണ്ട്. അന്നാണ് ഇവര്‍ ജയ്പൂരില്‍ തിരിച്ചെത്തുക.

എല്ലാ എംഎല്‍എമാരോടും തിരിച്ചറിയല്‍ രേഖകള്‍ കൈവശം വെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ മാരിയറ്റ് ഹോട്ടലിലേക്കോ സൂര്യഗഡ് റിസോര്‍ട്ടിലേക്കോ ആയിരിക്കും മാറ്റുക. ഇവരെ രണ്ട് ചാര്‍ട്ടര്‍ വിമാനങ്ങളിലായിട്ടാണ് ജയ്സാല്‍മീറില്‍ എത്തിക്കുക. മണ്ഡലങ്ങളിലെ പ്രവര്‍ത്തനവും ഇതോടൊപ്പം നടക്കും. മന്ത്രിമാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ഗെലോട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Top